വനാനി കാരവൻ പാർക്ക് ടൂറിസം പദ്ധതി വരുന്നു
text_fieldsഅടിമാലി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പങ്കാളിത്ത സൗഹൃദ കാരവൻ പദ്ധതിയായ കാരവൻ കേരളയുടെ ഭാഗമാകാൻ ഹൈറേഞ്ചിലെ കൃഷിയിടങ്ങളും. ബ്രാവിയോ ഗ്രൂപ്പാണ് ഉടുമ്പൻചോലക്കു സമീപം വനാനി കാരവൻ പാർക്ക് എന്ന പേരിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. അഞ്ചേക്കർ സ്ഥലത്ത് സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും 2 കാരവനുകളുമാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുന്നത്.
കാരവനുകൾ സഞ്ചാരികൾക്ക് യാത്രക്കും താമസത്തിനും ഉപയോഗിക്കാം. ബ്രാവിയോ ഗ്രൂപ്പ് ചെയർമാൻ ബിബിൻ കുമാർ വിജയകുമാർ, പ്രോജക്ട് കോ - ഓർഡിനേറ്റർ ആശിഷ് വർഗീസ് എന്നിവർ ചേർന്ന് പദ്ധതി രൂപരേഖ മന്ത്രി മുഹമ്മദ് റിയാസ്, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ്, ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്കുമാർ, എം.എം. മണി എം.എൽ.എ എന്നിവർക്ക് കൈമാറി. ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ കീഴിൽ അഗ്രി നെറ്റ് വർക്ക് ടൂറിസത്തിൽ പരിശീലനം പൂർത്തിയാക്കിയാണ് വനാനി കാരവൻ പാർക്ക് പദ്ധതി നടപ്പാക്കുന്നത്.
പരിസ്ഥിതി സൗഹാർദ നിർമാണങ്ങളിലൂടെ ശ്രദ്ധേയനായ ആർക്കിടെക്ട് ബിജ്യ ബാലനാണ് പദ്ധതിയുടെ രൂപകൽപന നിർവഹിക്കുന്നത്. കാരവൻ ടൂറിസം കായലിലെ ഹൗസ് ബോട്ട് മാതൃകയിൽ ഗ്രാമീണ മേഖലയിൽ വിനോദ സഞ്ചാരത്തിനും താമസത്തിനുമായാണ് കാരവൻ ടൂറിസം പദ്ധതി നടപ്പാക്കിയത്. പകൽ സഞ്ചാരവും രാത്രി താമസവും കാരവനുകൾ സാധ്യമാക്കും.
ഒരേ സമയം 6 പേർക്ക് വരെ താമസിക്കാം. കാരവൻ പാർക്കുകൾക്ക് കുറഞ്ഞത് അര ഏക്കറെങ്കിലും ഭൂമി വേണം. പാർക്കിൽ 5 കാരവനുകൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കണം. പ്രാദേശിക പരിസ്ഥിതി സൗഹൃദ രൂപകൽപന, ജലസംഭരണി, വിനോദത്തിനുള്ള തുറന്നയിടം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം പാർക്കിൽ വേണം. സഞ്ചാരികൾക്കായി പ്രാദേശിക കലാരൂപങ്ങളും പാർക്കിൽ അവതരിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.