വനൗഷധ സമൃദ്ധി ഉദ്ഘാടനം വ്യാഴാഴ്ച
text_fieldsകോഴിക്കോട്: വനാതിർത്തി പ്രദേശങ്ങളിൽ ഔഷധസസ്യങ്ങൾ വച്ചു പിടിപ്പിക്കുന്ന വനൗഷധ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് വയനാട് കാട്ടിക്കുളം ഇരുമ്പുപാലം ആദിവാസി കോളനിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. തിരഞ്ഞെടുത്ത വനാശ്രിത ഗ്രാമങ്ങളിൽ വനസംരക്ഷണ സമിതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വന്യമൃഗങ്ങൾ നശിപ്പിക്കാത്ത മഞ്ഞൾ, തുളസി എന്നീ ഔഷധ സസ്യങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുക. സ്വകാര്യഭൂമി, പട്ടയ ഭൂമി, ആദിവാസികൾക്ക് കൈവശാവകാശ രേഖ ലഭിച്ച ഭൂമി എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. കൃഷിയിൽ ഏർപ്പെടുന്നവർക്ക് സാങ്കേതിക സഹായവും പരിശീലനവും കൃഷിവകുപ്പും കാർഷിക സർവകലാശാലയും ചേർന്നു ലഭ്യമാക്കും.
നാഷണൽ മെഡിസിനൽ പ്ലാൻറ് ബോർഡിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. വിളവെടുക്കുന്ന ഔഷധസസ്യങ്ങൾ മൂല്യവർധനം നടത്തി വനശ്രീ എന്ന ബ്രാൻഡിൽ വിപണിയിൽ ലഭ്യമാക്കും. വനാശ്രിത സമൂഹത്തിൻറെ വരുമാനം ഔഷധ കൃഷിയിലൂടെ വർധിപ്പിക്കാനാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
അഡീ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് മുഹമ്മദ് ഷബാബ് പ്രോജക്ട് അവതരിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും വനംവകുപ്പുദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.