റോഡ് അടച്ച് സി.പി.എം സമ്മേളനം: ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ മാറ്റി
text_fieldsകൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം ഭാഗികമായി തടസപ്പെടുത്തി സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഹൈകോടതി ഭേദഗതി ചെയ്ത് സമർപ്പിക്കാനായി മാറ്റി. ഹരജിക്കാരനായ മരട് സ്വദേശി എൻ. പ്രകാശിന്‍റെ ആവശ്യ പ്രകാരമാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം, റോഡ് തടസപ്പെടുത്തി ജോയന്‍റ് കൗൺസിൽ നടത്തിയ സെക്രട്ടറിയേറ്റ് സമരവും കൊച്ചി കോർപറേഷൻ ഓഫിസിന് മുന്നിൽ കോൺഗ്രസ് നടത്തിയ സമരങ്ങളും കോടതിയലക്ഷ്യമാണെന്ന് ആരോപിക്കുന്ന ഉപഹരജികൾ കോടതി ഫയലിൽ സ്വീകരിച്ചു.
ഡിസംബർ 10ന് വഞ്ചിയൂരിൽ ഗതാഗതം തടസപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമർശനം ഹൈകോടതി നടത്തിയിരുന്നു. മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്. വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോ എന്നും ഹൈകോടതി അന്ന് ചോദിച്ചു. വഞ്ചിയൂർ സി.ഐ നേരിട്ട് ഹാജരായി വിശദീകരിക്കണം. വഴിയടച്ചുള്ള പൊതുയോഗങ്ങളിൽ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാരും അറിയിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.
വഞ്ചിയൂർ കോടതി പരിസരത്ത് നിന്ന് പൊലീസ് സ്റ്റേഷൻ വരെ നീളുന്ന റോഡിന്റെ ഒരുവശം അടച്ചുകെട്ടിയാണ് സി.പി.എം പാളയം ഏരിയ സമ്മേളനത്തിന് പൊതുസമ്മേളന വേദി നിർമിച്ചത്. രണ്ടുവരി ഗതാഗതം അതോടെ ഒരുവരിയിലേക്ക് ചുരുങ്ങി. റോഡരികിലെ പാർക്കിങ് കൂടിയായപ്പോൾ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.