അഭിഭാഷക ആക്രമണം: വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതിനും കേസെടുത്തു
text_fieldsതിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിനും അഭിഭാഷകര്‍ക്കെതിരെ കേസ്. വനിതാ മാധ്യമപ്രവര്‍ത്തകരായ സി.പി. അജിത, ജസ്റ്റീന തോമസ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് വഞ്ചിയൂര്‍ പൊലീസ് നടപടിയെടുത്തത്. കോടതി മുറിക്കകത്തുവെച്ച് അഭിഭാഷകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു, അപമാനിച്ചു, അസഭ്യം പറഞ്ഞു, കോടതിക്കുള്ളില്‍നിന്നിറക്കിവിട്ടു, ജോലി തടസ്സപ്പെടുത്തി തുടങ്ങി വിശദമായ പരാതിയാണ് ഇവര്‍ സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറിന് നല്‍കിയത്. അഭിഭാഷകരായ ആര്‍. രതിന്‍, അരുണ്‍ പി. നായര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ആറ് അഭിഭാഷകര്‍ക്കെതിരെയുമാണ് കേസ്. സ്ത്രീകളെ അപമാനിച്ചതിന് ഐ.പി.സി 506 ഒന്ന് വകുപ്പ് ഇവര്‍ക്കെതിരെ ചുമത്തി. എന്നാല്‍, പരാതിയുടെ ഗൗരവം ഉള്‍ക്കൊണ്ടുള്ള വകുപ്പുകള്‍ കേസില്‍ ചുമത്തിയിട്ടില്ല. ഐ.പി.സി 119 എ, 294 ബി, 341, 342 എന്നീ വകുപ്പുകളാണ് 506 ഒന്നിന് പുറമെ ചേര്‍ത്തിരിക്കുന്നത്. വിജിലന്‍സ് പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ 10 അഭിഭാഷകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. മര്‍ദനമേറ്റ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍ നല്‍കിയ പരാതിയിലായിരുന്നു വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. അതേസമയം, വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ ഇട്ട് കേസെടുക്കാന്‍ പൊലീസ് തയാറായില്ലായിരുന്നു. സമാന സ്വഭാവമുള്ള സംഭവമായതിനാല്‍ ഒരു കേസ് മതിയെന്നും വനിതാ മാധ്യമ പ്രവര്‍ത്തകരെ കേസില്‍ സാക്ഷികള്‍ ആക്കിയിട്ടുണ്ടെന്നുമായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. തുടര്‍ന്ന് പൊലീസിന്‍െറ നിഷ്ക്രിയത്വം ചര്‍ച്ചയായപ്പോഴാണ് കേസ് എടുക്കാന്‍ കൂട്ടാക്കിയത്. ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിക്കും ഗവര്‍ണര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പരാതി ഹൈകോടതി രജിസ്ട്രാര്‍ക്ക് കൈമാറി. ഇതില്‍ തുടര്‍നടപടി വേണമെന്നും സംഭവം ചീഫ് ജസ്റ്റിസിന്‍െറ ശ്രദ്ധയില്‍ പെടുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.