നോവായി വീടിനു മുന്നിലെ ഡോ. വന്ദന ദാസ് എന്ന ബോർഡ്
text_fieldsകോട്ടയം: മാസങ്ങൾക്കു മുമ്പാണ് കടുത്തുരുത്തി മാഞ്ഞൂരിലെ വീടിനു മിന്നിലെ മതിലിൽ ഡോ. വന്ദന ദാസ് എം.ബി.ബി.എസ് എന്ന ബോർഡ് സ്ഥാപിച്ചത്. കെ.ജി. മോഹൻദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകളാണ് കൊല്ലപ്പെട്ട വന്ദന. അവരുടെ ഏക പ്രതീക്ഷയായിരുന്നു മകൾ. മകൾ ഡോക്ടറാകുന്നത് സ്വപ്നം കണ്ട മാതാപിതാക്കൾ, അതേ ജോലിക്കിടെ തന്നെ അവൾ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ്.
വന്ദന ഗുരുതരാവസ്ഥയിലാണെന്ന് അറിയാതെയാണ് മോഹൻദാസും വസന്തകുമാരിയും കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. യാത്രയിലാണ് മകളിനി ഇല്ല എന്ന വിവരം അവർ അറിയുന്നത്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടതിനാൽ, അത് പൊളിച്ച് അകത്തുകടന്നാണ് ഇവരെത്തുന്നതിനു മുമ്പ് നാട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. കുറവിലങ്ങാട് ഡിപോൾ സ്കൂളിലായിരുന്നു വന്ദന പഠിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കവെയാണ് വന്ദന കുത്തേറ്റ് മരിച്ചത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ദാരുണമായ സംഭവം. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.