വന്ദനയുടെ കൊലപാതകം: ഉത്തരവാദി ഡി.ജി.പി; ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊട്ടാരക്കരയിൽ ഡോക്ടർ കുത്തേറ്റ് മരിക്കാനിടയായത് പൊലീസ് സംവിധാനത്തിന്‍റെ പരാജയമെന്ന് ആവർത്തിച്ച് ഹൈകോടതി. പൊലീസ് കൊണ്ടുവന്ന ഒരാൾ ആക്രമണം നടത്തിയാൽ ഉത്തരവാദിത്തം പൊലീസിനുതന്നെയാണ്. എന്നാൽ, കുത്തുകൊണ്ടവരൊക്കെ ഓടിമാറിയപ്പോൾ യുവ ഡോക്ടർ പ്രതിയുടെ മുന്നിൽ ഒന്നനങ്ങാൻ പോലുമാകാതെ ഭയന്നു നിന്നുപോയി. ആ സമയം പൊലീസ് എവിടെയായിരുന്നു. പ്രതിയുമായി വന്ന പൊലീസുകാരാരും അവിടെ ഉണ്ടായില്ലെന്നും കോടതി വിമർശിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ആശുപത്രികൾക്കും പൊലീസ് സംരക്ഷണം നൽകണമെന്നും ഇക്കാര്യം ഡി.ജി.പി ഉറപ്പാക്കണമെന്നും ഉത്തരവിട്ടു. ആശുപത്രികൾക്കും ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്കും 24 മണിക്കൂറും സംരക്ഷണം നൽകാൻ പൊലീസിന് ബാധ്യതയുണ്ട്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ പൊലീസ് പാലിക്കുന്ന അതേ പ്രോട്ടോകോൾ ഇവരെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോഴും പാലിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന് വിഷയം പരിഗണിക്കാൻ ബുധനാഴ്ചയും സ്‌പെഷൽ സിറ്റിങ് നടത്തിയിരുന്നു. വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആശുപത്രികൾക്കും ഡോക്ടർമാർക്കും സംരക്ഷണം നൽകാനുള്ള നിയമം ഭേദഗതി ചെയ്ത് മെഡിക്കൽ വിദ്യാർഥികളടക്കമുള്ളവർക്ക് സംരക്ഷണം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താൻ ഓർഡിനൻസ് കൊണ്ടുവരാൻ നിർദേശിക്കണമെന്നും ഐ.എം.എ അഭിഭാഷകൻ ആവശ്യപ്പെട്ടു. സർക്കാർ ഇവ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഭേദഗതി ഓർഡിനൻസിന്‍റെ വിവരങ്ങൾ ഹരജി വീണ്ടും പരിഗണിക്കുമ്പോൾ വിശദീകരിക്കാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.
ഞങ്ങൾ മരിച്ചാലും ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കണമായിരുന്നുവെന്നും അതിന് കഴിഞ്ഞില്ലെന്നും കോടതിയിൽ ഹാജരായ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പറഞ്ഞു. പൊലീസിന്‍റെ പക്കൽ ആയുധങ്ങളുണ്ടായിരുന്നില്ല. പ്രതിയെ കീഴടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പൊലീസുകാർക്കും പരിക്കേറ്റു. എന്നിട്ടും ആ കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ഡി.ജി.പി അനിൽകാന്തും വ്യക്തമാക്കി.
രാത്രി അസമയത്ത് പൊലീസ് എത്തുമ്പോൾ മുറിവേറ്റ നിലയിൽ ഒരു വടിയും പിടിച്ച് നിൽക്കുന്നയാളെ കണ്ടിട്ട് പൊലീസിന് അസ്വാഭാവികത തോന്നിയില്ലേയെന്ന് കോടതി ചോദിച്ചു. ഡ്രസിങ് റൂമിൽ മതിയായ സുരക്ഷയില്ലാതിരുന്നിട്ടും പ്രതി നഴ്‌സിനെ ആക്രമിക്കാതിരുന്നത് ഭാഗ്യം. 55 വയസ്സിലേറെയുള്ള ഹോം ഗാർഡാണ് ഡ്രസിങ് റൂമിന് പുറത്ത് കാവൽനിന്നത്. അതേ പ്രായമായ ഞങ്ങൾക്കും ഇത്തരം സംഭവമുണ്ടായാൽ നേരിടാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവമെന്ന തരത്തിൽ ഇത് അവഗണിക്കാനാവില്ല. സൈനികരെപ്പോലെ സംരക്ഷണം ഉറപ്പാക്കണമായിരുന്നു.
11 തവണ ഡോ. വന്ദനക്ക് കുത്തേറ്റതിനെ എങ്ങനെ ന്യായീകരിക്കാനാവും. വന്ദനയെയും കുടുംബത്തെയും പൊലീസ് തോൽപിച്ചു. മകളെ നഷ്ടപ്പെട്ട ആ കുടുംബത്തോട് വീണ്ടും വീണ്ടും മാപ്പ് ചോദിക്കുന്നു. ഇനിയുമിത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞ കോടതി, ഹരജി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.