വന്ദേഭാരത്: അവകാശവാദങ്ങൾക്കൊപ്പം ഇരട്ടത്താപ്പും ചർച്ചയാകുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സിൽവർ ലൈൻ സ്വപ്നങ്ങൾക്ക് ചുവപ്പുകൊടി കാട്ടിയെത്തിയ വന്ദേഭാരത് രാഷ്ട്രീയ അജണ്ടക്കൊപ്പം കേരളത്തിന്റെ റെയിൽ ആവശ്യകതയെക്കുറിച്ചും ചർച്ചകൾക്ക് വഴിതുറക്കുന്നു. പുതിയ ട്രെയിനുകൾ മുമ്പും എത്തിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമുണ്ടാകാത്ത രാഷ്ട്രീയ അവകാശവാദങ്ങളാണ് കേരളത്തോട് റെയിൽവേ അനുവർത്തിക്കുന്ന ഇരട്ടത്താപ്പുകളിലേക്ക് കൂടി വിരൽചൂണ്ടുന്നത്.
വിശേഷാവസരങ്ങളിലും സാധാരണ സീസണിലും നിന്നുതിരിയാൻ ഇടമില്ലാതെ ഓടുന്ന കേരളത്തിലെ പകൽവണ്ടികളുടെയും രാത്രിവണ്ടികളുടെയും ശ്വാസംമുട്ടലിന് പരിഹാരമായി പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് റെയിൽവേ ഇനിയും ചെവികൊടുത്തിട്ടില്ല. ഉത്സവ സീസണുകൾ അധിക ട്രെയിനുകൾ ആവശ്യപ്പെടുമ്പോഴെല്ലാം അനുവദിക്കുന്നത് കഴുത്തറുപ്പൻ തത്കാൽ-ഫ്ലക്സി നിരക്കിലുള്ള സ്പെഷൽ ട്രെയിനുകളാണ്.
സ്ലീപ്പർ ടിക്കറ്റുകളിൽ നല്ലൊരു പങ്കും അധിക നിരക്ക് നൽകേണ്ട തത്കാലിലേക്ക് മാറ്റിയാണ് സ്പെഷൽ ട്രെയിനുകൾ യാത്രക്കാരുടെ കീശ കവരുന്നത്. തത്കാലിനായി നീക്കിവെക്കുന്നതിൽ തന്നെ 50 ശതമാനം സാധാ തത്കാലും ശേഷിക്കുന്ന 50 ശതമാനം പ്രീമിയം തത്കാലുമാണ്. പ്രീമിയം തത്കാലിൽ വിമാനടിക്കറ്റുകളുടെ മാതൃകയിൽ ഓരോ 10 ശതമാനം കഴിയുന്തോറും നിരക്ക് വർധിക്കും.
ഹ്രസ്വദൂരത്തേക്ക് കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാമായിരുന്ന പാസഞ്ചർ ട്രെയിനുകളെല്ലാം നിരക്ക് കൂടിയ എക്സ്പ്രസ് ട്രെയിനുകളാക്കി യാത്രക്കാർക്ക് ഇരുട്ടടി നൽകിയിരുന്നു. ദക്ഷിണറെയിൽവേക്ക് കീഴിലെ 50 പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസ് ട്രെയിനുകളാക്കിയത്. പാസഞ്ചർ ട്രെയിനിലെ മിനിമം നിരക്ക് 10 രൂപയാണെങ്കിൽ എക്സ്പ്രസുകളിൽ 35-40 രൂപയാണ്. വർധന മൂന്നിരട്ടി.
മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിൽനിന്ന് ഏറ്റവുമധികം യാത്രക്കാരുള്ള ബംഗളൂരുവിലേക്കുള്ള അധിക വണ്ടികളുടെ കാര്യത്തിലും റെയിൽവേ കണ്ണടക്കുകയാണ്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് പ്രതിദിന ട്രെയിനുകളടക്കം 12 എണ്ണമാണ് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.