വന്ദേഭാരത് എക്സ്പ്രസ്: സർവീസ് കാസർകോട് വരെ
text_fieldsന്യൂഡൽഹി: കേരളത്തിന്‍റെ പൊതുവായ താൽപര്യം മാനിച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 156 കോടി രൂപ മുടക്കി തിരുവനന്തപുരത്ത് റെയിൽവേ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസിന് തുടക്കത്തിൽ 70-80 കിലോമീറ്ററാണ് വേഗം. ട്രാക്ക് പരിഷ്കരിച്ച് ഒന്നര വർഷത്തിനകം മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാനാണ് ഉദ്ദേശം. സ്ലീപ്പർ കോച്ചുകൾ ഡിസംബറോടെ തയാറാക്കും. മൂന്നര വർഷത്തിനകം തീർക്കാമെന്നു കരുതുന്ന രണ്ടാംഘട്ട പാത നവീകരണത്തിലൂടെ വേഗം 130 കിലോമീറ്ററായി ഉയർത്താനാവും. ഇതിന് ഭൂമി ഏറ്റെടുക്കണം; ചില വളവുകൾ നിവർത്തണം. 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കുകയാണ് അന്തിമ ലക്ഷ്യം.
യാത്ര നിരക്കുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ ഒരു സർവീസ് മാത്രമാണ് നടത്തുക. ഭാവിയിൽ കൂടുതൽ സർവീസുകൾ നടത്താനാവും. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തിൽ നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോകും. ഭാവിയിൽ 200 കിലോമീറ്റർ വരെ ദൂരപരിധിക്കുള്ളിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനുള്ള ലക്ഷ്യത്തോടെയാണ് റെയിൽവേ മുന്നോട്ടു നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സമഗ്ര റെയിൽവേ വികസനത്തിന് പദ്ധതി തയാറാക്കും. നേമം, കൊച്ചുവേളി സ്റ്റേഷനുകൾ പരിഷ്കരിക്കും. പാത നവീകരണം അടക്കം ചെറുതും വലുതുമായ നിർമാണ പ്രവർത്തനങ്ങൾക്കാണ് 156 കോടി രൂപ ചെലവിടുന്നത്. ഇതുവഴി യാത്രാ വേഗം വർധിപ്പിക്കും. നേമം, കൊച്ചുവേളി സ്റ്റേഷനുകൾ പ്രധാന ടെർമിനലാക്കി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറക്കും. വർക്കല അടക്കം കേരളത്തിലെ വിവിധ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലാക്കും.
വന്ദേ ഭാരത് വരുന്നതോടെ സിൽവർ ലൈൻ അടഞ്ഞ അധ്യായമായെന്ന് പറയാനാവില്ല. അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ശബരി പാതക്ക് അങ്കമാലി വഴിയുള്ളതിനു പുറമെ ബദൽ റൂട്ടിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. സാങ്കേതിക റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.