കൊലപാതകം തന്നെയെന്ന് കോടതിയും; ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയിൽ സംശയം
text_fieldsകട്ടപ്പന: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി ആറുവയസ്സുകാരി മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് കോടതി. പ്രതിക്കെതിരെ തെളിവുകൾ ശേഖരിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി കണ്ടെത്തി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത്. തെളിവുകൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. ഇത് അന്വേഷണ ഉദ്യോഗസ്ഥെന്റ വിശ്വാസ്യത തന്നെ സംശയകരമാക്കുന്നു.
വിരലടയാള വിദഗ്ധനെക്കൊണ്ട് സ്ഥലം പരിശോധിപ്പിക്കുന്നതിലും വീഴ്ച പറ്റി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. ശാസ്ത്രീയ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടതും കേസിൽ തിരിച്ചടിയായെന്നും ഉത്തരവിൽ പറയുന്നു. ബലാത്സംഗം, കൊലപാതകം എന്നിവ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും കോടതി പറഞ്ഞു.
പറഞ്ഞത് ഒറ്റ വാചകം; വിധി 76 പേജ്
കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതി അർജുൻ നിരപരാധിയെന്ന് കോടതി വിധിച്ചത് ഒറ്റ വാചകത്തിൽ. പ്രതിയെ വെറുതെവിടുന്നു എന്നു മാത്രമാണ് കോടതി മുറിയിൽ ജഡ്ജി പറഞ്ഞത്. 76 പേജിലായാണ് കട്ടപ്പന അതിവേഗ കോടതി ജഡ്ജി വിധി പുറപ്പെടുവിച്ചത്.
48 സാക്ഷികളെ വിസ്തരിച്ച ശേഷമായിരുന്നു പ്രതിയെ വെറുതെവിട്ടത്. പ്രതി അർജുനെതിരെ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, ഉൾപ്പെടെ പോക്സോ കേസിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസ് ചാർജ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് 48 സാക്ഷികളെ വിസ്തരിക്കുകയും 69 പ്രധാനപ്പെട്ട രേഖകൾ പരിശോധിക്കുകയും 19 തെളിവുകൾ പരിശോധിക്കുകയും ചെയ്തു. ഈ തെളിവുകൾ വിലയിരുത്തിയ ശേഷമാണ് ജഡ്ജി വി. മഞ്ജു പ്രതി നിരപരാധിയെന്ന് വിധിച്ചത്. പ്രതിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിധിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.