വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ ആയിരുന്ന ടി.ഡി. സുനില്‍കുമാറിനെയാണ് അന്വേഷണവിധേയമായി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സസ്പെന്‍ഡ് ചെയ്ത ഉത്തരവിറക്കിയത്. നിലവില്‍ എറണാകുളം വാഴക്കുളം എസ്.എച്ച്.ഒ ആണ് സുനില്‍കുമാര്‍. സുനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു. എറണാകുളം റൂറല്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ടിനാകും അന്വേഷണ ചുമതല. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കേസന്വേഷണത്തിലെ ഗുരുതര വീഴ്ച മൂലം പ്രതിയെ കുറ്റമുക്തനാക്കിയ വിധിന്യായത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല.
പ്രതിയെ രക്ഷിക്കാൻ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പ്രതിപക്ഷം; അപ്പീൽ നൽകിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുനെ രക്ഷപ്പെടുത്താൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതുസംബന്ധിച്ച് സണ്ണി ജോസഫ് നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു വാക്കൗട്ട്. വാളയാർ കേസിലും അട്ടപ്പാടി മധു വധക്കേസിലും സി.പി.എമ്മുകാരായ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതിന്റെ തുടർച്ചയാണിതെന്ന് സണ്ണി ജോസഫ് പറഞ്ഞു. തെളിവ് ശേഖരിച്ച് ശാസ്ത്രീയമായി അന്വേഷണം നടത്തുന്നതിലെ വീഴ്ച കോടതി എണ്ണിപ്പറഞ്ഞത് സഭയിൽ വായിച്ചാണ് അദ്ദേഹം സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയത്. സാധാരണ സാക്ഷികളാണ് പ്രതിഭാഗം ചേരുന്നതെങ്കിൽ വണ്ടിപ്പെരിയാറിൽ പ്രോസിക്യൂഷൻ ഒന്നടങ്കം പ്രതിഭാഗം ചേർന്നു. ഗുരുതരമായ കുറ്റകൃത്യം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണം. കേസ് പുനരന്വേഷിക്കണം -സണ്ണി ജോസഫ് ആവശ്യപ്പെട്ടു
ഉത്തരവിനെതിരെ ഹൈകോടതിയിൽ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഫയലില്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു. കോടതി വിധിയിലെ പരാമർശം ഗൗരവമായാണ് കാണുന്നത്. വകുപ്പുതല അന്വേഷണം നടന്നുവരുന്നു. വീഴ്ചകളോ ക്രമക്കേടോ ഉണ്ടായിട്ടുണ്ടെങ്കില്‍ കർശന നടപടി ഉണ്ടാകും. പ്രതിയുടെ രാഷ്ട്രീയ അഭിപ്രായമോ പ്രതിയുടെ പിതാവിന്റെ രാഷ്ട്രീയ നിലപാടോ ഒന്നും സർക്കാറിനെ സ്വാധീനിക്കുന്നതല്ല -മുഖ്യമന്ത്രി പറഞ്ഞു. വണ്ടിപ്പെരിയാർ കേസിലെ ഒന്നാം പ്രതി സർക്കാറാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിധി വന്ന് ഒന്നര മാസമായിട്ടും സർക്കാർ ഒരു നടപടിയും എടുത്തില്ല. കോടതി തള്ളിയ തെളിവുകളുമായല്ലേ അപ്പീലിന് പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ ആവശ്യപ്രകാരം പ്രതിയെ രക്ഷിക്കാൻവേണ്ടി നടത്തിയ ശ്രമം കേരളത്തിനു മുഴുവന്‍ അപമാനമാണെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.