വണ്ടിപ്പെരിയാറിലെ ബലാത്സംഗക്കൊല: വധശിക്ഷ റദ്ദാക്കി വെറുതെവിട്ടു
text_fieldsകൊച്ചി: വണ്ടിപ്പെരിയാറിൽ സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. പെരുവേലിൽ പറമ്പിൽ ജോമോന് തൊടുപുഴ അഡീ. സെഷൻസ് കോടതി (രണ്ട്) ജഡ്ജി വിധിച്ച വധശിക്ഷയാണ് പി.ബി. സുരേഷ്കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വധശിക്ഷ വിധിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ജോമോൻ നൽകിയ അപ്പീൽ ഹരജിയാണ് പരിഗണിച്ചത്. എത്രയും വേഗം ഇയാളെ വിട്ടയക്കാനും ഉത്തരവിട്ടു. ഒന്നാം പ്രതി രാജേന്ദ്രന്‍റെ വധശിക്ഷ ഹൈകോടതി നേരത്തേ ശരിവെച്ചിരുന്നു.
ബലാത്സംഗത്തിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും 25,000 രൂപ പിഴയും വേറെയും ശിക്ഷിച്ചിരുന്നു. എന്നാൽ, കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
പ്രോസിക്യൂഷൻ ഹാജരാക്കിയ തൊണ്ടിമുതലുകളൊന്നും താൻ കൈമാറിയതല്ല. കുറ്റസമ്മതമൊഴിയും നൽകിയിട്ടില്ല. ഒന്നാം പ്രതിയുടെ കുറ്റത്തിന് താൻ ഉത്തരവാദിയല്ലെന്നും വാദമുന്നയിച്ചു. 2007 ഡിസംബർ മൂന്നിന് വൈകുന്നേരം അഞ്ചരക്കാണ് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഡിസംബർ രണ്ടിന് രാത്രിക്കും മൂന്നിന് അഞ്ചരക്കും ഇടയിൽ കൃത്യം നടന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഒന്നാം പ്രതിക്കൊപ്പം രണ്ടാം പ്രതിയും കൃത്യത്തിൽ പങ്ക് ചേർന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇരുവരെയും രണ്ടുപേരും ബലാത്സംഗം ചെയ്തെന്നും ഇരുവരും ചേർന്ന് കൊലപ്പെടുത്തിയെന്നും വിലയിരുത്തിയാണ് വധശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.