വണ്ടിപ്പെരിയാർ പീഡന മരണം: സർക്കാറിന്‍റെ അപ്പീൽ ഹൈകോടതി ഫയലിൽ സ്വീകരിച്ചു
text_fieldsകൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ടതിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിലും ശാസ്ത്രീയ തെളിവുകൾ പരിഗണിക്കുന്നതിലും വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്ന് കാട്ടി നൽകിയ അപ്പീലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം എം.എം.ജെ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ അർജുൻ സുന്ദറിനെ (24) വെറുതെവിട്ട കട്ടപ്പന പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കി മതിയായ ശിക്ഷ നൽകണമെന്നാണ് അപ്പീൽ ഹരജിയിലെ ആവശ്യം. പ്രതിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, ഹരജി ജനുവരി 29ലേക്ക് മാറ്റി.
2021 ജൂൺ 30നാണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ മൂന്ന് വയസ്സുമുതൽ പ്രതി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് കേസ്. എന്നാൽ, തെളിവ് ശേഖരണത്തിലടക്കം പൊലീസ് വീഴ്ച വരുത്തിയെന്ന വിമർശനത്തോടെ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.