വണ്ടിപ്പെരിയാർ പീഡനം: പ്രതിക്കെതിരെ പട്ടികവിഭാഗ പീഡനക്കേസ് ചുമത്തണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്കെതിരെ പട്ടികവിഭാഗ പീഡനക്കേസ് കൂടി ചുമത്തണമെന്ന ഹരജി ഹൈകോടതി തള്ളി. ക്രിസ്തുമത വിശ്വാസിയായ പ്രതി അർജുൻ പട്ടികവിഭാഗത്തിൽപെട്ടയാളാണെന്ന രേഖകളുണ്ടാക്കി പട്ടികവിഭാഗ പീഡനക്കേസ് മനഃപൂർവം ഒഴിവാക്കുകയാണെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് നൽകിയ ഹരജിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് തള്ളിയത്.
കൊലപാതകമടക്കം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെങ്കിലും ബലാത്സംഗക്കുറ്റം ചുമത്താൻ പൊലീസ് തയാറാകുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം.പ്രതി പട്ടികവിഭാഗക്കാരനാണെന്ന് അന്വേഷണത്തിൽ ബോധ്യമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്. എന്നാൽ, ഇയാളുടെ പിതാവ് ക്രിസ്തുമതം സ്വീകരിച്ചതിന്റെ രേഖ ഹരജിക്കാരും ഹാജരാക്കി. പരിശോധനക്ക് ലഭിച്ച സുപ്രധാന രേഖകളിലെല്ലാം പ്രതി പട്ടികജാതിക്കാരനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കോടതി പറഞ്ഞു. പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമ കേസിലെ പ്രതി പട്ടികവിഭാഗക്കാരനാണെങ്കിൽ പട്ടികവിഭാഗ പീഡനക്കുറ്റം ചുമത്തുന്നതിന് തടസ്സമുണ്ട്.
കേസ് ചുമത്താൻ ഇര പട്ടികവിഭാഗമാണെന്ന ബോധ്യത്തോടെ ആക്രമണം നടത്തണമെന്നും വ്യവസ്ഥയുണ്ട്. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. സാഹചര്യത്തിൽ ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.