ഹൈ വോൾട്ടേജ് പ്രതീക്ഷയിൽ വഞ്ചിയം ജലവൈദ്യുതി പദ്ധതി, റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsശ്രീകണ്ഠപുരം: 26 വർഷം മുമ്പ് തുടങ്ങിയ വഞ്ചിയം പദ്ധതി കാടു കയറി നശിക്കുമ്പോൾ പ്രതീക്ഷക്ക് ഹൈ വോൾട്ടേജ് നൽകി ഹൈകോടതി ഉത്തരവ്. 25 ശതമാനം മാത്രം പണി നടത്തി ഉപേക്ഷിച്ച കണ്ണൂർ ജില്ലയിലെ വഞ്ചിയം പദ്ധതിയടക്കം സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് ഇതോടെ ജീവൻവെക്കും. വഞ്ചിയം പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങൾ തുരുമ്പെടുക്കുകയും പ്രദേശമാകെ കാടുകയറി നശിക്കുകയും ചെയ്ത കാഴ്ചയാണ്. 1993 ലാണ് പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം പുഴയിൽ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതി തുടങ്ങിയത്. സ്വകാര്യ മേഖലയിൽ തുടങ്ങിയ മലബാറിലെ ആദ്യത്തെ മിനി ജലവൈദ്യുതി പദ്ധതിയായിരുന്നു വഞ്ചിയം. 1997ൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'ഐഡിയൽ' കമ്പനിയാണ് കരാർ എടുത്തത്. വഞ്ചിയം പുഴയിൽ വെള്ളം തടഞ്ഞുനിർത്താനായി ചെക്ക്ഡാം നിർമിച്ചാണ് പദ്ധതി തുടങ്ങിയത്. ഡാമിലെ വെള്ളം രണ്ടു മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ എബനൈസർ മലയിൽ എത്തിച്ച് 200 അടി താഴെയുള്ള ജനറേറ്ററിൽ വീഴ്ത്തി വൈദ്യുതി ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പ്രദേശത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് എബനൈസർ മല. ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ശ്രീകണ്ഠപുരം സബ് സ്റ്റേഷനു നൽകുമെന്നും 30 വർഷം സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചതിനു ശേഷം പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്നുമായിരുന്നു ധാരണ.
1991ൽ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 93 ലാണ് തറക്കല്ലിടുന്നത്. കമ്പനി പൈപ്പ് ഇടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കിയിരുന്നു. പദ്ധതിപ്രദേശത്തേക്ക് റോഡും നിർമിച്ചിരുന്നു. ഒന്നരമാസം പിന്നിട്ടതോടെ ഒരു മുന്നറിയിപ്പുമില്ലാതെ പദ്ധതി പാതി വഴിക്ക് ഉപേക്ഷിച്ച് കരാറുകാർ സ്ഥലം വിടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയുമാണ് പദ്ധതിയുടെ നിർമാണത്തെ തടസ്സപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. മുടങ്ങിയ പദ്ധതി പുനരാരംഭിക്കാൻ വായ്പ നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്കാർ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു.
കെ.എസ്.ഇ.ബി. ഈടുനിന്നുള്ള വായ്പ ആവശ്യം മന്ത്രി തള്ളിയതോടെ കമ്പനി ഉടമകൾ പിന്മാറി. 1998നു ശേഷം പദ്ധതി പൂർണമായും ഉപേക്ഷിച്ചു. പദ്ധതിക്കായി നിർമിച്ച ചെക്ക് ഡാം ഇപ്പോഴും വഞ്ചിയത്തുണ്ട്. ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. മൂന്നു കോടി ചെലവ് വരുമെന്നായിരുന്നു അന്ന് വൈദ്യുതിവകുപ്പ് പറഞ്ഞിരുന്നത്. നിലവിൽ അതിെൻറ അഞ്ചിരട്ടി തുകയുണ്ടായാലും പദ്ധതി പൂർത്തിയാക്കുക പ്രയാസമാണ്. പദ്ധതിക്ക് ഏറ്റെടുത്ത സ്ഥലം നിലവിൽ സ്വകാര്യ വ്യക്തിയുടെ കൈവശമാണുള്ളത്. അതുകൊണ്ട് ഡാമിെൻറയും പവർഹൗസിെൻറയും സ്ഥാനം മാറ്റി പുതിയ പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കാനും നീക്കം നടത്തി.
പദ്ധതി മുടങ്ങിയതിനെപ്പറ്റിയും ഭാവിയെപ്പറ്റിയും വൈദ്യുതി ബോർഡിനു വ്യക്തതയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈയിൽ നിന്നും ഏറ്റെടുക്കാനും വൈദ്യുതി ബോർഡ് തയാറാവുന്നില്ല. പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ മലയോര മേഖലക്കാവശ്യമായ വൈദ്യുതി മുഴുവൻ ഇവിടെ നിന്നുൽപാദിപ്പിച്ച് വിതരണം ചെയ്യാനാകുമായിരുന്നു.
പദ്ധതി പാഴായതോടെ മലബാറിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതിയാണ് നിരാശയുടെ കാഴ്ചയായത്. അതിനിടെയാണ് 2014 വരെ പളളിവാസൽ എക്സ്റ്റൻഷൻ സ്കീമിൽ പ്രോജക്ട് മാനേജരായിരുന്ന കോഴിക്കോട് സ്വദേശി ജേക്കബ് ജോസ് ഹൈകോടതിയെ സമീപിച്ചത്. തുടർന്നാണ് വൈകിയ മുഴുവൻ വൈദ്യുതി പദ്ധതികളും സമയക്രമത്തിൽ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്. പണി പൂർണമായും നിലച്ച വഞ്ചിയം പദ്ധതിയുടെ കാര്യത്തിൽ ആറു മാസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
വഞ്ചിയത്തിനു പുറമെ 2007 മാർച്ച് ഒന്നിന് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ട് തുടങ്ങിയ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം 14 വർഷം കഴിഞ്ഞിട്ടും 84.08 ശതമാനം പണി മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും ഇവിടെ 200 കോടിയുടെ യന്ത്രങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണെന്നും പരാതിക്കാരൻ അറിയിച്ചു.
വഞ്ചിയം പദ്ധതിയോടൊപ്പം തൊട്ടിയാർ (40 മെഗാവാട്ട്), പൊരിങ്ങൽ കൂത്ത് (24 മെഗാവാട്ട്), ഭൂതത്താൻകെട്ട് (24 മെഗാവാട്ട്), ചെങ്കുളം (24 മെഗാവാട്ട്), അപ്പർ കല്ലാർ (രണ്ട് മെഗാവാട്ട്) എന്നീ പദ്ധതികളിലും കാലതാമസം വരുത്തിയതായി കോടതി വിലയിരുത്തി. എന്നാൽ, സ്ഥലമേറ്റെടുപ്പിലുണ്ടായ കാലതാമസവും പ്രകൃതി ദുരന്തങ്ങളുമാണ് പണി നടത്തിപ്പിനെ ബാധിച്ചതെന്നാണ് കെഎസ്.ഇ.ബിയുടെ വാദം. കോടതി ഇടപെടലിലൂടെ വഞ്ചിയമടക്കം സംസ്ഥാനത്തെ മുടങ്ങിയ വൈദ്യുതി പദ്ധതികളെല്ലാം വെളിച്ച വിപ്ലവത്തിനൊരുങ്ങുമെന്ന പ്രതീക്ഷയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.