വരാപ്പുഴ വീടാക്രമണം: മുഖ്യപ്രതികൾ കോടതിയിൽ കീഴടങ്ങി
text_fieldsആലുവ: വരാപ്പുഴയിലെ വീടാക്രമണ കേസിൽ ഒളിവിലായിരുന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി. കസ്‌റ്റഡിയിൽ മർദനമേറ്റ് മരിച്ച ശ്രീജിത്തിന് വീടാക്രമണവുമായി ഒരുബന്ധവുമില്ലെന്ന് കീഴടങ്ങിയ പ്രതികൾ വ്യക്തമാക്കി. ശനിയാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് മൂന്നുപേർ കീഴടങ്ങിയത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടിൽ വിബിൻ, കുഞ്ഞാത്തുപറമ്പിൽ കെ.ബി. അജിത്ത്, മദ്ദളക്കാരൻ തുളസീദാസ് എന്ന ശ്രീജിത്ത് എന്നിവരാണ് ഇവർ. പേടിച്ചിട്ടാണ് ഇതുവരെ ഒളിവിൽ കഴിഞ്ഞതെന്ന് പ്രതികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കീഴടങ്ങിയവര്‍ വീടാക്രമണക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ്. ഏപ്രിൽ ആറിനാണ് വാസുദേവെൻറ വീട് ആക്രമിക്കപ്പെട്ടത്. തുടർന്ന് ഇവിടെ നിന്ന് മുങ്ങിയ പ്രതികൾ തൊടുപുഴയിലെ സുഹൃത്തിെൻറ സഹായത്തോടെ കാട്ടിൽ കുറച്ച് ദിവസം ചെലവിട്ടു. പിന്നീട് കുടകിലെത്തി. വാസുദേവൻ ആത്മഹത്യ ചെയ്തതിനെത്തുടർന്നാണ് പ്രതികൾ ഒളിവിൽ പോയത്. പൊലീസിനെ വെട്ടിച്ചെത്തിയാണ് രാവിലെ 11 ഒാടെ പ്രതികള്‍ ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശ്രീജിത്ത് നിരപരാധിയാണെന്ന് മുഖ്യപ്രതികൾതന്നെ തുറന്നുപറഞ്ഞതോടെ കസ്‌റ്റഡിയിലെടുത്തത് ആളുമാറിയതാണെന്ന വാദം ശക്തമായി.
മുഖ്യപ്രതികളിൽ ഒരാളായ ശ്രീജിത്തിന് പകരമാണ് കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്തത്. തുളസീദാസാണ് ശ്രീജിത്ത് എന്ന പേരിലും അറിയപ്പെടുന്നത്. ഇതറിയാതെ പൊലീസ് കസ്‌റ്റഡിയിലെടുത്തത് കേസുമായി ബന്ധമില്ലാത്ത മറ്റൊരു ശ്രീജിത്തിനെയായിരുന്നു. താൻ നിരപരാധിയാണെന്ന് കൊല്ലപ്പെട്ട ശ്രീജിത്ത് പൊലീസിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. കോടതി റിമാന്‍ഡില്‍ അയച്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പ്രത്യേക അന്വേഷണസംഘത്തിെൻറ തീരുമാനം. ഇതിന് അപേക്ഷ തിങ്കളാഴ്ച പറവൂര്‍ കോടതിയില്‍ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളെ ചോദ്യംചെയ്യുന്നതിലൂടെ ദേവസ്വംപാടത്തെ സംഭവങ്ങളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.