വരാപ്പുഴ സ്ഫോടനം: പടക്കശാല ഉടമക്കെതിരെ നരഹത്യകുറ്റം ചുമത്തി കേസ്
text_fieldsകൊച്ചി: എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു. പടക്ക സംഭരണ ശാലക്ക് ലൈസൻസുള്ള ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.പി.സി 308, 304 വകുപ്പുകൾ, എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്. പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്ഫോടനത്തിൽ തകർന്ന രണ്ട് കെട്ടിടത്തിൽ ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസ് ഉള്ളത്. ഈ കെട്ടിടത്തിന് സമീപമുള്ള ഷെഡ്ഡിലാണ് വെടിമരുന്ന് ശേഖരിച്ചിരുന്നതും നിർമാണ പ്രവർത്തനം നടന്നിരുന്നതും. ഈ കെട്ടിടത്തിനാണ് ലൈസൻസ് ഇല്ലാത്തത്. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ജാൻസൺ ജെയ്സന്‍റെ സഹോദരനാണ്. ജെയ്സന്‍റെ ബന്ധുവിൽ നിന്ന് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്നത്. ഈ ബന്ധുവിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഇന്ന് പെസോ അധികൃതരും പൊലീസ് സയന്‍റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്താനാകുമെന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനം നടന്നത്. ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഒരു കുട്ടിയുടെ നില അതിഗുരുതരമാണ്. വരാപ്പുഴ മുട്ടിനകം ഈരയിൽ ഡേവിസാണ് (55) മരിച്ചത്.
പടക്കക്കടയുടമ ഈരയിൽ വീട്ടിൽ ജാൻസൺ (38), സമീപവാസി കൂരൻ വീട്ടിൽ മത്തായി (65), സ്ഫോടനമുണ്ടായ കെട്ടിടത്തോട് ചേർന്ന വീട്ടിലെ താമസക്കാരായ തുണ്ടത്തിൽ വീട്ടിൽ ഫ്രഡീന (30), മക്കളായ എസ്തർ (ഏഴ്), എൽസ (അഞ്ച്), ഇസബെല്ല (മൂന്ന്), സ്ഥാപനത്തിലെ ജീവനക്കാരനായ നീരജ് (38) എന്നിവർക്കാണ് പരിക്കേറ്റത്.
പടക്കം സൂക്ഷിക്കാനായി രണ്ടുവർഷം മുമ്പ് വാടകക്കെടുത്ത മുട്ടിനകത്തെ ഒറ്റനില പടക്ക സംഭരണശാലയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. ഇതോട് ചേർന്ന കെട്ടിടത്തിലാണ് 50 വർഷത്തോളമായി പടക്കനിർമാണശാല പ്രവർത്തിക്കുന്നത്. പരിക്കേറ്റ ജാൻസണിന്‍റെ മുത്തച്ഛനാണ് സ്ഥാപനം തുടങ്ങിയത്.
സ്ഫോടനത്തെ തുടർന്ന് പടക്കം സൂക്ഷിച്ചിരുന്ന വീട് പൂർണമായും കത്തിയമർന്നു. പടക്കനിർമാണശാലയും ഏറക്കുറെ പൂർണമായും തകർന്നു. സ്ഫോടനത്തിന്‍റെ പ്രകമ്പനം അഞ്ചു കിലോമീറ്ററോളം വ്യാപ്തിയിൽ പ്രകടമായി. മരിച്ച ഡേവിസ് ജാൻസണിന്‍റെ പിതൃസഹോദരനാണ്. പടക്കശാലയുമായി ബന്ധപ്പെട്ട് സഹായിയായി പ്രവർത്തിച്ചു വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.