വരാപ്പുഴയിലെ ആത്മഹത്യ: ശ്രീജിത്ത് അടക്കമുള്ളവർക്ക് പങ്കില്ലെന്ന് പൊലീസ്
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിന് വഴിയൊരുക്കിയ ആത്മഹത്യ പ്രേരണക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്. ദേവസ്വംപാടം വാസുദേവെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ പൊലീസ് നിർണായക റിപ്പോർട്ട് സമർപ്പിച്ചത്.
ഇതോടെ കേസിൽ പിടിയിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു. കഴിഞ്ഞ ആറിനാണ് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടിൽ വാസുദേവൻ ആത്മഹത്യ ചെയ്തത്. തുടർന്നാണ് കൊല്ലപ്പെട്ട ശ്രീജിത്ത് അടക്കം 10പേരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് പിടികൂടിയത്.
എന്നാൽ, വാസുദേവൻ ആത്മഹത്യ ചെയ്തതിൽ കൊല്ലപ്പെട്ട ശ്രീജിത്ത് അടക്കമുള്ള പ്രതികൾക്ക് പങ്കുള്ളതായി ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും ഇൗ സാഹചര്യത്തിൽ പ്രതികൾക്കെതിരായ ആത്മഹത്യ പ്രേരണക്കുറ്റം ഒഴിവാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. കൂടാതെ, വീടാക്രമണം തന്നെയാണോ വാസുദേവനെ തൂങ്ങിമരിക്കാൻ പ്രേരിപ്പിച്ചതെന്നതിനും പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. അതേസമയം, ഇവർക്കെതിരെ ചുമത്തിയിരുന്ന ഭവനഭേദനം, വധശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കും.
ദേവസ്വംപാടം സ്വദേശികളായ തുണ്ടിപ്പറമ്പിൽ വിനു വിജയൻ(28), സൂര്യൻപറമ്പിൽ വിനു ഗോപി(25), അപ്പിച്ചിൻ മല്ലംപറമ്പിൽ ശരത് ശശി(22), ചെട്ടിഭാഗം ഭഗവതിപറമ്പിൽ ശ്രീക്കുട്ടൻ വിജയൻ(31), ദേവസ്വംപാടം തൈക്കാട്ട്പറമ്പിൽ സുധി ചന്ദ്രൻ(26), മുളക്കാരൻപറമ്പിൽ വിനു ശ്രീനിവാസൻ(28), സേനായ് പറമ്പ് സജിത്ത് രാമകൃഷ്ണൻ(25), ഗോപൻ ഗോവിന്ദൻ ഗോപി(34), ചുള്ളിക്കാട്ട് പറമ്പിൽ നിതൻ ശശി(25) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.