വരാപ്പുഴയിൽ ഗൃഹനാഥൻെറ ആത്മഹത്യ: പ്രതികൾക്ക് ജാമ്യം
text_fieldsപറവൂർ: വരാപ്പുഴയിൽ വീടാക്രമണത്തെത്തുടർന്ന് ഗൃഹനാഥൻ വാസുദേവൻ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന പ്രതികൾക്ക് എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വരാപ്പുഴ ദേവസ്വം പാടം തുണ്ടി പറമ്പിൽ ടി.വി. വിനു, അപ്പിച്ചാൺ മല്ലപറമ്പ് വീട്ടിൽ ശരത്, ചിറക്കകം ഭഗവതി പറമ്പിൽ ശ്രീക്കുട്ടൻ, തൈക്കാട്ടുപറമ്പിൽ ഗോപൻ, സജിത്ത്, ചുള്ളിക്കാട്ട് പറമ്പിൽ നിഥിൻ, സൂര്യൻ പറമ്പിൽ എസ്.ജി.വിനു ,മുളക്കാരൻ പറമ്പിൽ എം.എസ്.വിനു എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.
വീടാക്രമണക്കേസിൽ പത്ത് പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.ഇവരിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ചു. ശ്രീജിത്തിന്റെ സഹോദരൻ സജിത്ത് ഉൾപ്പെടെയുള്ള എല്ലാവർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ജാമ്യം കിട്ടാത്ത മറ്റു വകുപ്പുകളും ഉൾപ്പെടുത്തിയിരുന്നു.എന്നാൽ പ്രതികളിൽ പലരും നിരപരാധികളാണെന്നും ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് ജാമ്യം കിട്ടാത്ത വകുപ്പുകൾ അപ്രസക്തമായി. ഇക്കാര്യം കൂടി പരിഗണിച്ചാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത് .ഇതേ സമയം ഭവനഭേദനം, വധശ്രമം എന്നീ കേസുകൾ ഇവരുടെ പേരിൽ നിലനിൽക്കും.വാസുദേവൻ ആത്മഹത്യ ചെയ്യാൻ ഇടവരുത്തിയത് ഇവർ കാരണമാണെന്ന് തെളിയിക്കാൻ തക്കതെളിവുകൾ ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന ഒമ്പത് പേർക്കും ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള സെഷൻസ് കോടതിയുടെ ഉത്തരവ് പറവൂർ മജിസ്ട്രേട്രേറ്റ് കോടതിയിൽ എത്തിച്ച ശേഷമേ ഇവർക്ക് ജയിൽ മോചിതരാകാൻ കഴിയു.
ഇതേ സമയം ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു കൊന്ന കേസിൽ പ്രതികളായ ടൈഗർ ഫോഴ്സ് അംഗങ്ങളായ പെരുമ്പാവൂർ സ്വദേശി ജിതിൻ രാജ്, അടിമാലി സ്വദേശി സന്തോഷ് കുമാർ, മലയാറ്റൂർ സ്വദേശി സുമേഷ് എന്നീ പോലീസുകാരുടെ ജാമ്യാപേക്ഷ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി - മൂന്ന് തളളി.ജില്ലാ കോടതിയിൽ അപേക്ഷ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകൻ എം.എസ്.ബാബുരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.