വർക്കല കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു
text_fieldsവർക്കല: വർക്കല കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേശ് (24), വർക്കല പാലച്ചിറ രഘുനാഥപുരം പി.എസ് സദനത്തിൽ അജീഷ് (29), ആലംകോട് വഞ്ചിയൂർ പുതിയതടം ഡ്രീം മഹലിൽ മാഹീൻ (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വ്യത്യസ്ത അപടങ്ങളിലാണ് മൂന്ന് യുവാക്കളുടെയും ജീവൻ കടൽ കവർന്നത്.
അജയ് വിഘ്നേശ് ഉൾപ്പെടുന്ന കോയമ്പത്തൂരിൽ നിന്നെത്തിയ അഞ്ചംഗ സംഘമാണ് ആദ്യം അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകുന്നേരം നാലോടെ ഇവർ ഇടവ ഓടയം കടപ്പുറത്ത് കുളിക്കാൻ എത്തി. കടലിൽ കുളി കഴിഞ്ഞ് അഞ്ചുപേരും കരക്കെത്തിയെങ്കിലും അജയ് വിഘ്നേശും സുഹൃത്ത് ബാല ശിവരാമനും (23) വീണ്ടും കടലിലിറങ്ങി. തിരയിലകപ്പെട്ട ഇവർ ചുഴിയിൽ താഴ്ന്നുപോകുകയായിരുന്നു.
സുഹൃത്തുക്കൾ നിലവിളിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളാണ് രണ്ടുപേരെയും രക്ഷിച്ച് കരയിലെത്തിച്ചത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജയ് വിഘ്‌നേശ് മരിച്ചു. കോയമ്പത്തൂരിൽ ദന്ത ഡോക്ടറാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ബാല ശിവരാമൻ മെക്കാനിക്കൽ എൻജിനീയർ ആണ്.
വൈകുന്നേരം അഞ്ചരേയാടെ പാപനാശം ബലി മണ്ഡപത്തിനും ആലിയിറക്കത്തിനും മധ്യേ ഏണിക്കര ബീച്ചിലാണ് രണ്ടാമത്തെ അപകടം. വർക്കല കോടതിയിലെ ഡി.ടി.പി ഓപറേറ്ററായ അജീഷ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കവെ തിരയിൽപെട്ട് മുങ്ങുകയായിരുന്നു.
തീരത്തുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയവർ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പുഷ്പാംഗദൻ-സരസ്വതി ദമ്പതികളുടെ മകനാണ് അജീഷ്. ഭാര്യ: ആതിര. മകൻ: ആദിദേവ്. ഒരു സഹോദരിയുണ്ട്.
അഞ്ചേമുക്കാലോടെയാണ് കാപ്പിൽ പൊഴിയിൽ അടുത്ത അപകടം നടന്നത്. മാഹീനും സുഹൃത്തുക്കൾക്കൊപ്പമാണ് കാപ്പിൽ തീരത്തെത്തിയത്. പൊഴിമുഖത്ത് കുളിക്കവെയാണ് മാഹീനും തിരയിലകപ്പെട്ടത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: നഫിയ. രണ്ടു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.