ഗുരുവിനെ ഹിന്ദു സന്യാസിയാക്കാന്‍ ആരും ശ്രമിക്കേണ്ട –മുഖ്യമന്ത്രി
text_fieldsവര്‍ക്കല: ‘നമുക്ക് ജാതിയില്ലാ വിളംബരം’ ചരിത്ര സത്യമായി മുന്നിലിരിക്കുമ്പോള്‍ ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാന്‍ പുത്തന്‍ വ്യാഖ്യാനങ്ങളുമായി ആരും രംഗത്ത് വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 84ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിളംബരത്തെ വ്യാഖ്യാനിച്ച് അടുത്തിടെ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ എഴുതിയ ലേഖനത്തെ അതിരൂക്ഷമായ ഭാഷയില്‍ ആരുടെയും പേര് പറയാതെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമുക്ക് ജാതിയില്ളെന്ന് സംശയത്തിന് ഇട നല്‍കാത്തവിധമാണ് ഗുരു പ്രഖ്യാപിച്ചത്. എന്നാല്‍, അതിനെ ദുഷ്ടലാക്കോടെ ചിലര്‍ വ്യാഖ്യാനിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഗുരുവിനെ ഒരു ജാതിയിലും മതത്തിലും തളച്ചിടാനാകില്ല. മറിച്ചുള്ള ശ്രമങ്ങള്‍ ഗൂഢാലോചനയാണ്. ജാതിയുടെ സങ്കുചിത സന്ദേശമല്ല മറിച്ച് മാനവികതയുടെയും കാരുണ്യത്തിന്‍െറയും മഹാസന്ദേശമാണ് ഗുരുദര്‍ശനങ്ങളിലൂടെയും ജീവിതംകൊണ്ടും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എതിര്‍ജാതിയിലും മതത്തിലും പിറന്നതിന്‍െറ പേരില്‍ മനുഷ്യനെ കൊല്ലുന്നിടത്താണ് പുതിയ കാലം. ഇതിനെ മറികടക്കാന്‍ മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന ഗുരുദര്‍ശനം പ്രചരിപ്പിക്കണം -പിണറായി പറഞ്ഞു. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍ എം.എല്‍.എ, ഡോ. എ. സമ്പത്ത് എം.പി, അഡ്വ. വി. ജോയി എം.എല്‍.എ, തീര്‍ഥാടന കമ്മിറ്റി രക്ഷാധികാരി എം.ഐ. ദാമോദരന്‍, ഗോകുലം ഗ്രൂപ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഡി.ഐ.ജി (ട്രെയിനിങ്) പി. വിജയന്‍, ടി.എസ്. പ്രകാശ്, നഗരസഭാ ചെയര്‍പേഴ്സന്‍ ബിന്ദു ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സച്ചിതാനന്ദ, ഗായകന്‍ രമേശ് നാരായണ്‍ എന്നിവരും പങ്കെടുത്തു. സ്വാമി സാന്ദ്രാനന്ദപുരി സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.