വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ പഠന സൗകര്യമില്ല; വിദ്യാർഥികളെ മാറ്റണം
text_fieldsതിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ പഠന സൗകര്യമുള്ള കേരളത്തിലെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റണമെന്ന് വിജിലൻസ്. സൗകര്യങ്ങളില്ലാത്ത കോളജിൽ നിലവാരമില്ലാത്ത പഠനം നടത്തുന്ന വിദ്യാർഥികൾ ഏത് വിധേനയും ജയിച്ച് സമൂഹത്തിന് അപകടം വരുത്തുന്നത് ഒഴിവാക്കാൻ കോളജ് മാറ്റം ആവശ്യമാണ്. വിദ്യാർഥികൾക്ക് മറ്റ് മെഡിക്കൽ കോളജുകളിൽ തുടർപഠനത്തിന് നടപടി സ്വീകരിക്കണം. കോളജിലെ വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പ്രത്യേക സംഘം അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇൗ ശിപാർശകൾ.
മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ വാടകരോഗികളെ ഇറക്കിയ വർക്കല എസ്.ആർ മെഡിക്കൽ കോളജ് മാനേജ്മെൻറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും വിജിലൻസ് ശിപാർശയുണ്ട്. കോളജിന് മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന ചുരുങ്ങിയ സൗകര്യങ്ങൾ ഒരുക്കാതെയും വാടകരോഗികളെ ഇറക്കിയും വഞ്ചന നടത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കണം.
വിജിലൻസ് സംഘം കോളേജിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കോളജ് കെട്ടിടം ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് അനുമതിയില്ലാതെ പണിതതാണ്.നമ്പർ ഇല്ലാത്ത കെട്ടിടത്തിലെ കോളജിനെതിരെ പഞ്ചായത്ത് ഡയറക്ടർ നടപടി സ്വീകരിക്കണം. കെട്ടിടത്തിന് ചെറുന്നിയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് വ്യാജ കെട്ടിട പെർമിറ്റ് ഉണ്ടാക്കിയതായും കണ്ടെത്തി.
ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുന്നതിന് പകരം തെളിവില്ലെന്ന് പറഞ്ഞ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കോളജ് ചെയർമാൻ പ്രതിയായി വർക്കല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് തുടർ അന്വേഷണം നടത്തണം. ഇതിനു ക്രൈംബ്രാഞ്ചിലെ സീനിയർ ഒാഫിസറെ നിയമിക്കണമെന്നും വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലെ പൊലീസ് ഇൻസ്പെക്ടർ വി. ജയചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കു വകുപ്പ് സെക്രട്ടറിക്ക് കൈമാറി.
വാടക രോഗികളായി കുടുംബശ്രീ പ്രവർത്തകർ
തിരുവനന്തപുരം: രോഗികളെന്ന വ്യാജേന എസ്.ആർ മെഡിക്കൽ കോളജിൽ എത്തിക്കുന്നത് കുടുംബശ്രീ പ്രവർത്തകരെയെന്ന് വിജിലൻസ്. വിജിലൻസ് പരിശോധനക്ക് എത്തിയപ്പോൾ രോഗികളായി ഉണ്ടായിരുന്നത് ഇവരാണ്. രോഗികളെന്ന വ്യാജേന ആശുപത്രിയിൽ കിടക്കുന്നതിന് പ്രതിദിനം 200 രൂപ ലഭിക്കാറുണ്ടെന്ന് ഇവർ അറിയിച്ചതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
മറ്റ് പ്രധാന കണ്ടെത്തലുകൾ
- മെഡിക്കൽ കൗൺസിൽ നിഷ്കർശിച്ച പഠന സൗകര്യവും അധ്യാപകരും മറ്റ് ജീവനക്കാരും കോളജിൽ ഇല്ല.
- കോളജ് കെട്ടിടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നിർമാണ അനുമതിയോ കെട്ടിട നമ്പറോ ലഭിച്ചിട്ടില്ല.
- അനധികൃത കെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. എസ്.ആർ ഡെൻറൽ കോളജിന് 6000 ചതുരശ്ര അടി െകട്ടിടത്തിന് നൽകിയ അനുമതിയുടെ മറവിലാണ് മെഡിക്കൽ കോളജ് കെട്ടിടം പണിതത്.
- നമ്പർ ഇല്ലാത്തതിനാൽ കോളജിന് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല.
- പഠന, പഠനേതര പ്രവർത്തനങ്ങൾക്ക് സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടില്ല. പ്രിൻസിപ്പൽ, ഡീൻ, ഹെഡ് ഒാഫ് ദ ഡിപ്പാർട്മെൻറ് തുടങ്ങിയ ഒരു തസ്തികകളിലും മെഡിക്കൽ കൗൺസിൽ മാനദണ്ഡപ്രകാരമുള്ള നിയമനം നടത്തിയിട്ടില്ല.
- ഭീമമായ ഫീസ് ഇൗടാക്കുന്നുണ്ടെങ്കിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നില്ല.
- ഗുണനിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകാത്തതുവഴി വിദ്യാർഥികൾക്കും സമൂഹത്തിനും ഹാനികരമായ സ്ഥിതിയാണ് മാനേജ്മെൻറ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.