വാഴ്സിറ്റി നിയമന വിവാദം: രാഷ്ട്രീയനേട്ടം കൊയ്യാൻ പ്രതിപക്ഷം; ഗവർണർക്ക് കത്ത് നൽകും
text_fieldsആറു വർഷത്തെ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവർണറും സർക്കാറും തമ്മിൽ ഉടലെടുത്ത പോരിൽ രാഷ്ട്രീയനേട്ടം കൊയ്യാൻ പ്രതിപക്ഷം. സർവകലാശാലകളിൽ കഴിഞ്ഞ ആറു വർഷത്തെ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഗവർണർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകും.
നിയമനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റ നടപടിയെ പൂർണമായും കെ.പി.സി.സി പ്രസിഡന്റ് സ്വാഗതം ചെയ്തതും കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ്. ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നാണ് കെ. സുധാകരന് വ്യക്തമാക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച മുതൽ സജീവമാവുന്ന സഭ സമ്മേളനത്തിൽ, രണ്ട് അധികാര കേന്ദ്രങ്ങളും തമ്മിലുള്ള തർക്കം, സർവകലാശാല നിയമനങ്ങൾ, കണ്ണൂർ വി.സിക്ക് എതിരായ പരാമർശം എന്നിവ പ്രതിപക്ഷം നിർലോഭം ഉപയോഗിക്കും. സി.പി.എം നേതാക്കളുടെ ബന്ധുനിയമനം രാഷ്ട്രീയമായി ഉയർത്തിയെങ്കിലും സർക്കാർ അതുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, ചാൻസലർ പദവിയിലിരുന്ന് ഗവർണർ തന്നെ രംഗത്ത് വന്നതോടെ പുതിയ ആയുധമാണ് പ്രതിപക്ഷത്തിന് വീണുകിട്ടിയത്. കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടെങ്കിലും അന്ന് അദ്ദേഹം സർക്കാറിന് വഴങ്ങിയത് തിരിച്ചടിയായി. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്തതോടെയാണ് പ്രതിപക്ഷം അവസരം മണത്തത്.
2019ൽ കേരള ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ തനിക്ക് എതിരെ ഉണ്ടായെന്ന് ഗവർണർ ആരോപിക്കുന്ന ആരോപണത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരായി തിരിക്കുക കൂടിയാണ് പ്രതിപക്ഷം. ഗവർണറുടെ ആരോപണത്തിൽ എന്തുകൊണ്ട് ഉന്നതതല അന്വേഷണം നടന്നില്ലെന്ന ചോദ്യം മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുള്ളതുമാണ്.
മുഖ്യമന്ത്രിയുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്ന ഗവർണർ ഒത്തുതീർപ്പിലായേക്കാമെന്ന തിരിച്ചറിവ് പ്രതിപക്ഷത്തിനുണ്ട്. അതുൾക്കൊണ്ടുതന്നെയാണ് സർക്കാറിന് എതിരായി വീണുകിട്ടുന്ന എല്ലാ അവസരങ്ങളും അവർ ഉപയോഗിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.