കൊച്ചി ബിനാലെ: മഹാമാരിയുടെ പഞ്ചാംഗവുമായി വാസുദേവൻ അക്കിത്തം
text_fieldsകൊച്ചി: കോവിഡ് കാലത്ത് 2020 മുതൽ ഒരുവർഷം തുടർച്ചയായി മലയാളി ചിത്രകാരൻ വാസുദേവൻ അക്കിത്തം വരച്ച 365 സൃഷ്ടികൾ ബിനാലെയിൽ മഹാമാരിയുടെ ആഖ്യാനമായ പഞ്ചാംഗമായി കലാസ്നേഹികൾക്ക് കാഴ്‌ചയൊരുക്കുന്നു.കലാചിന്തകൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കിനിർത്തേണ്ടിവന്ന വേളയിലെ ചിത്രകാരന്റെ പ്രതികരണങ്ങളാണ് ‘ആൻ അൽമാനാക് ഓഫ് എ ലോസ്റ്റ് ഇയർ’ പരമ്പരയിലെ ആവിഷ്‌കാരങ്ങളോരോന്നും.
‘വീട്ടിലെ ഊണുമേശപ്പുറത്തുവെച്ച് ചിത്രമെഴുതുമ്പോൾ സാമഗ്രികളും പരിമിതമായിരുന്നു. അതുകൊണ്ട് ചെറിയചെറിയ കടലാസുകളിൽ വാട്ടർകളർ കൊണ്ട് പെയിന്റിങ് നടത്തി. പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടതിന്റെ വ്യത്യസ്‌ത ഭാവതല അനുഭവങ്ങളാണ് ചിത്രങ്ങളായത്. ചിലതിൽ ദുഃഖം, മറ്റുചിലതിൽ ഭ്രമാത്മകത, വേറെ ചിലതിൽ പ്രത്യാശ’’ വാസുദേവൻ അക്കിത്തം വിശദീകരിച്ചു.
കോവിഡ് കാലത്താണ് പിതാവ് മഹാകവി അക്കിത്തം മരിച്ചത്. അന്ത്യകർമങ്ങൾക്ക് വളരെയധികം കഷ്ടപ്പെട്ടാണ് ബറോഡയിൽ താമസിക്കുന്ന ഇദ്ദേഹം നാട്ടിലെത്തിപ്പെട്ടത്. ഇത് പ്രമേയമാക്കി വരച്ച ചിത്രവും പ്രദർശനത്തിൽ ഉൾപ്പെടുന്നു. ‘ഡിസ്റ്റൻസ്’ മൂന്നു ഓയിൽ പെയിന്റിങ് ആവിഷ്‌കാരവും പ്രദർശനത്തിലുണ്ട്.
ഇവയിൽ ‘പുറപ്പെടൽ’, ‘യാത്ര’, ‘തിരിച്ചുവരവ്’ എന്നിവ ആത്മാംശത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ബാല്യത്തിൽ രൂപപ്പെടുന്ന മനസ്സിന്റെ ക്രമം പലവിധത്തിലായി മരണംവരെ എങ്ങനെ തുടരുന്നു എന്നതും വേരുകളിൽനിന്ന് വിട്ടുമാറി മറ്റിടങ്ങളിലേക്ക് നിലനിൽപിനായി കുടിയേറുന്നതും ‘ഡിസ്റ്റൻസ്’ ചർച്ച ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.