വാറ്റ് കുടിശ്ശിക തീർപ്പാക്കൽ: നിർദേശമില്ലാത്തതിൽ വ്യാപാരികൾക്ക് പ്രതിഷേധം
text_fieldsകൊച്ചി: ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവിൽവന്നിട്ട് അഞ്ചു വർഷമാകുമ്പോഴും പഴയ വാറ്റ് കുടിശ്ശിക തീർപ്പാക്കുന്നത് സംബന്ധിച്ച് ബജറ്റിൽ വ്യക്തമായ തീരുമാനമില്ലാത്തതിൽ വ്യാപാരികൾക്ക് പ്രതിഷേധം. വാറ്റ് കുടിശ്ശികയുള്ളവർക്ക് പൊതുമാപ്പ് (ആംനസ്റ്റി) നൽകുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കഴിഞ്ഞ നവംബറിൽ അവസാനിച്ചിരുന്നു. അതു തുടരുമെന്ന് ബജറ്റിൽ പറയുന്നുണ്ടെങ്കിലും കുടിശ്ശിക തീർപ്പാക്കുന്നതിൽ വ്യക്തതയില്ല.
പൊതുവിൽപന നികുതി, കേന്ദ്ര വിൽപന നികുതി, മൂല്യവർധിത നികുതി, സർചാർജ് നിയമം, ആഡംബര നികുതി, കാർഷികാദായ നികുതി എന്നിവ പ്രകാരമുള്ള കുടിശ്ശികകൾക്ക് പൊതുമാപ്പ് പദ്ധതി ബാധകമാണ്. കുടിശ്ശിക തീർപ്പാക്കാൻ ആഗസ്റ്റ് 31ന് മുമ്പ് ഓപ്ഷൻ സമർപ്പിച്ച് ഡിസംബർ 31നുമുമ്പ് അടച്ചുതീർക്കണമെന്നാണ് ബജറ്റിലെ പരാമർശം. എന്നാൽ, ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങൾ സർക്കാറിന് സമർപ്പിച്ചിട്ടും അതൊന്നും പരിഗണിച്ചില്ലെന്ന് വ്യാപാര സംഘടനകൾ പറയുന്നു. വാറ്റ് കുടിശ്ശിക സംബന്ധിച്ച കേസുകൾ കോടതികളിലും വകുപ്പ് തലത്തിലും തുടരുന്നത് കേരളത്തിൽ മാത്രമാണ്.
പൊതുമാപ്പ് പദ്ധതിയുടെ ചില വ്യവസ്ഥകൾ പ്രതികൂലമായതിനാൽ വാറ്റ് കുടിശ്ശികയുള്ള പലർക്കും ഇത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. നിയമത്തിലെ അപാകത മൂലമാണ് പൊതുമാപ്പ് പദ്ധതി സ്വീകരിക്കാൻ മടിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.