കാരവനിൽ യുവാക്കളുടെ മരണം വിഷപ്പുക ശ്വസിച്ചെന്ന് നിഗമനം
text_fieldsവടകര: വടകര ദേശീയപാതയിൽ കാരവൻ വാഹനത്തിൽ രണ്ടു യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ, മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് സൂചന. വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ് (48), കാസർകോട് പറശ്ശേരി തട്ടുമ്മൽ ജോയൽ (26) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ജില്ല പൊലീസ് മേധാവി പി. നിതിൻ രാജ് പറഞ്ഞു. വാഹനത്തിലെ ജനറേറ്ററിൽനിന്ന് പുറംതള്ളിയ കാർബൺ മോണോക്സൈഡ് ആവാനുള്ള സാധ്യതയുണ്ട്. മെഡിക്കൽ കോളജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി. പ്രഫസർ പി.പി. അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തി. സ്ഥിരമായി വാഹനം ഓടിക്കുന്ന ആളല്ല വാഹനം ഓടിച്ചത്. വാഹന സംബന്ധമായ ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായേക്കാമെന്നാണ് പൊലീസ് നിഗമനം. ജനറേറ്ററിലെ ഇന്ധനം തീർന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
മരിച്ചവരുടെ ആന്തരിക അവയവങ്ങൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. വാഹനത്തിനുള്ളിലെ പടികൾക്ക് സമീപം ഡ്രൈവർ മനോജിനെയും ജോയലിനെ പിന്നിൽ ബർത്തിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാരവനിന്റെ തൊട്ടടുത്ത് പന്തലൊരുക്കി നാർകോട്ടിക് ഡിവൈ.എസ്.പി. പ്രകാശൻ പടന്നയിൽ, സി.ഐ. എൻ. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. മരണപ്പെട്ടവരുടെ ബന്ധുക്കൾ പുലർച്ച സ്ഥലത്ത് എത്തിയിരുന്നു. ഇവർ ജോലി ചെയ്ത മലപ്പുറം എടപ്പാളിലെ ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപന അധികൃതരും സ്ഥലത്ത് എത്തി. ഇരുവരുടെയും മൃതദേഹങ്ങൾ 11ഓടെ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തിൽ സംശയാസ്പദമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രിയാണ് കാരവൻ റോഡരികിൽ നിർത്തിയത്. പുലർച്ച ഒന്നുവരെ ബന്ധുക്കളും സുഹൃത്തുകളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ഇതിനു ശേഷമാണ് മരണമെന്നാണ് കരുതുന്നത്. എടപ്പാളിൽനിന്നുള്ള വിവാഹ പാർട്ടിയെ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ കണ്ണൂരിൽ ഇറക്കി തിരിച്ചുവരുകയായിരുന്നു വാഹനം. മലപ്പുറത്ത് എത്താതായതോടെ സ്ഥാപന അധികൃതർ ലൊക്കേഷൻ മനസ്സിലാക്കി വടകര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ധർ ഡോഗ് സ്ക്വാഡ്, മോട്ടോർ വാഹന വകുപ്പ്, വാഹന നിർമാണ കമ്പനി അധികൃതർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എന്നിവരും പരിശോധന നടത്തി.
അഗസ്റ്റിനാണ് ജോയലിന്റെ പിതാവ്. മാതാവ്: സിസിലി, സഹോദരങ്ങൾ: ജസ്റ്റിൻ, സിൻസി, മനോജിന്റെ പിതാവ്: കേശവൻ നായർ. മാതാവ്: ശാരദയമ്മ. ഭാര്യ: പ്രിയ. മക്കൾ: ഗായത്രി, മീനാക്ഷി സഹോദരങ്ങൾ: സുകുമാരൻ, ഗോപാലകൃഷ്ണൻ, സുമതി, ഉഷാദേവി, ലളിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.