വട്ടകപ്പാറമല വനംകൊള്ള: ഉന്നതരെ രക്ഷിച്ച് വനംവകുപ്പ്
text_fieldsവടശ്ശേരിക്കര: റാന്നി നീരേറ്റുകാവ് വട്ടകപ്പാറമലയിലെ നാലര ഹെക്ടറോളം വനഭൂമിയിൽനിന്ന് മരംമുറിച്ചുകടത്തിയ സംഭവത്തിൽ ഉന്നതരെ രക്ഷിച്ച് വനംവകുപ്പ്.
ഭൂമിയിൽ പാറമട തുടങ്ങാനുള്ള അനുമതിയ്ക്കായി ഡെൽറ്റാ അഗ്രഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കലക്ടറേറ്റിൽ അപേക്ഷ നൽകിയത്. ഇതിനു പിന്നാലെ അവിടെയുണ്ടായിരുന്ന നൂറുകണക്കിന് വിലപിടിപ്പുണ്ടായിരുന്ന മരങ്ങൾ മുറിച്ചുകടത്തുകയായിരുന്നു. ഇതിനു പിന്നിൽ റവന്യൂ, വനം ഉദ്യോഗസ്ഥർക്കും ജില്ലയിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
റവന്യൂ ജീവനക്കാർക്കെതിരെ നടപടി ശിപാർശ ചെയ്ത് ആർ.ഡി.ഒ നൽകിയ അന്വേഷണ റിപ്പോർട്ട് അധികൃതർ പൂഴ്ത്തി. 2019 മാർച്ചിലാണ് വട്ടകപ്പാറയിൽനിന്നും തടികൾ മുറിച്ചുകടത്തിയത്. വിവാദമായപ്പോൾ മരങ്ങളുടെ കുറ്റിയും വേരുകളും മണ്ണുമാന്തി ഉപയോഗിച്ച് പിഴുതെടുത്തു കത്തിച്ചുകളഞ്ഞ് തെളിവ് ഇല്ലാതാക്കിയിരുന്നു.
ജനകീയ സമ്മർദത്തെത്തുടർന്ന് കേസന്വേഷിച്ച വനംവകുപ്പിെൻറ ഫ്ലയിങ് സ്‌ക്വാഡ് സംഭവത്തിൽ ഉത്തരവാദികളായ ഉന്നതരെയെല്ലാം ഒഴിവാക്കി കണ്ടാലറിയാവുന്നവരും പാറമടലോബി ചൂണ്ടിക്കാണിച്ചവരുമായ ഏഴുപേർക്കെതിരെയാണ് റാന്നി കോടതിയിൽ കേസ് ഫയൽ ചെയ്തത്. തടി കടത്തുമായി നേരിട്ട് ബന്ധമില്ലാതിരുന്ന ജീവനക്കാരെ ഉൾപ്പെടുത്തി അഞ്ചു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും നൽകി.
മരംമുറിനടന്ന ചേത്തക്കൽ വില്ലേജിലെ സർവേ നമ്പർ 781/ 1 ൽ പെട്ട നാലര ഹെക്ടർ സംരക്ഷിത വനഭൂമിയാണ്. റവന്യൂ വകുപ്പ് ജീവനക്കാരാണ് മരംമുറിക്ക് കൂട്ടുനിന്നത്.
റവന്യൂ ജീവനക്കാരുടെ അനധികൃത ഇടപെടൽ സമരസമിതി തിരുവല്ല ആർ.ഡി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതേതുടർന്ന് സ്ഥലം സന്ദർശിച്ച ആർ.ഡി.ഒ വിനയ് ഗോയൽ, റാന്നി തഹസിൽദാർ സാജൻ കുരിയാക്കോസ്എന്നിവർ നടത്തിയ അന്വേഷണത്തിൽ റവന്യൂ വകുപ്പിലെ ഒരുപറ്റം ഉദ്യോഗസ്ഥർ പാറമടലോബിക്ക് വേണ്ടി റവന്യൂ രേഖകളിൽ കൃത്രിമം കാട്ടുകയും വട്ടകപ്പാറമലയിലേത് വനഭൂമിയാണെന്ന് ബോധ്യപ്പെട്ടിട്ടും പാറമടയ്ക്ക് എൻ.ഒ.സി നൽകാൻ ശിപാർശ ചെയ്തതായും കണ്ടെത്തി. തുടർന്ന് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ രണ്ടുവർഷം പിന്നിടുമ്പോഴും ശിപാർശകളിലൊന്നും തുടർ നടപടിയോ തുടർ അന്വേഷണമോ ഉണ്ടായിട്ടില്ല. വനംവകുപ്പിെൻറയും ആർ.ഡി.ഒയുടെയും അന്വേഷണ റിപ്പോർട്ടുകളടക്കം സമരസമിതി വിജിലൻസിന് പരാതി നൽകിയിട്ടും അന്വേഷണം നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.