തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വികസനം നേടിയ വട്ടവട
text_fieldsഇടുക്കി: 40 വര്‍ഷം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരാള്‍ പോലും വോട്ട് രേഖപ്പെടുത്താതിരുന്ന ഒരു പഞ്ചായത്തുണ്ടായിരുന്നു കേരളത്തില്‍. വികസനത്തില്‍ ഏറെ പിന്നിലായിരുന്ന, ബസും വൈദ്യുതിയും എത്താതിരുന്ന, വീടുകളില്‍ കക്കൂസുകള്‍ ഇല്ലാതിരുന്ന ഒരു തമിഴ് ഗ്രാമം. കേരളത്തിന്റെ കിഴക്കെ അതിര്‍ത്തിയില്‍ മൂന്നാറിനും അപ്പുറത്ത് സ്ഥിതി ചെയ്യുന്ന വട്ടവട പഞ്ചായത്ത് നിവാസികളാണ് 1984ലെ ലോകസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.
റോഡും വൈദ്യുതിയും സ്‌കുളും ആശുപത്രിയും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. സ്ഥാനാര്‍ഥികളും അവരുടെ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും വാഗ്ദാനങ്ങളും ഉറപ്പുകളും നല്‍കിയെങ്കിലും ആദിവാസി വിഭാഗമായ മുതുവാ സമുദായങ്ങള്‍ ഉള്‍പ്പെടെ പോളിങ് ബൂത്തിന് പരിസരത്തേക്ക് പോയില്ല. അന്ന് ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്നതാണ് ഈ മേഖലയിലെങ്കിലും അവരുടെ ഇടപ്പെടലും ഫലം കണ്ടില്ല. പോളിങ് ഡ്യുട്ടിക്ക് എത്തിയ മൂന്ന് ഉദ്യോഗസ്ഥരുടെ വോട്ടുകള്‍ മാത്രമാണ് വട്ടവടയിലെ ബാലറ്റ് പെട്ടിയില്‍ വീണത്.
എന്തായാലും തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഫലം കണ്ടു. ടോപ് സ്റ്റേഷനില്‍ നിന്നും വട്ടവട പഞ്ചായത്ത് ആസ്ഥാനമായ കോവിലൂര്‍ക്ക് റോഡ് വന്നു. പിന്നാലെ ബസ് സര്‍വീസും ആരംഭിച്ചു. പഴന്തോട്ടത്തേക്കും റോഡ് നിര്‍മ്മിച്ചു. വൈദ്യുതി എത്തി. കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു. പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിച്ചുവെങ്കിലും ഇന്നും ഡോക്ടര്‍ വല്ലപ്പോഴുമാണ് എത്തുന്നത്.
മൂന്നാറില്‍ തേയില തോട്ടങ്ങള്‍ വികസിക്കുന്നതിന് മുമ്പേ ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് വട്ടവട. തമിഴ്‌നാടിലെ ബോഡിനായ്ക്കനൂരുമായാണ് ബന്ധം. മൂന്നാറിലെ തേയില തോട്ടങ്ങള്‍ വികസിപ്പിക്കാന്‍ കൊടൈക്കനാലില്‍ നിന്നും സായ്പുമാര്‍ പോയതും വട്ടവടയിലുടെ. വട്ടവട പഞ്ചായത്തും നേരത്തെ നിലവില്‍ വന്നു. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടണമായിരുന്നു. തനത് വരുമാനമൊന്നും ഇല്ലാതിരുന്ന പഞ്ചായത്ത്.
ശീതകാല പച്ചക്കറികളുടെ പ്രധാന ഉല്‍പാദന കേന്ദ്രം കൂടിയാണ്. അന്ന് ഈ പച്ചക്കറികള്‍ കോവര്‍ കഴുത പുറത്ത് കൊടൈക്കനാല്‍ മാര്‍ക്കറ്റില്‍ എത്തുമായിരുന്നു. കോവര്‍ കഴുതായിരുന്നു പ്രധാന വാഹനം. മണ്‍റോഡിലുടെ റേഷന്‍ സാധാനങ്ങളുമായി ജീപ്പ് എത്തും. റോഡും ഓടയും തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു ഗ്രാമങ്ങള്‍. റോഡിന് ഇരുവശത്തും മണ്‍വീടുകള്‍. കൃഷി ഭൂമി മറ്റൊരിടത്തും. റോഡിലാകെട്ട കഴുത ചാണകവും നിറഞ്ഞു കിടന്നു. മൂന്നാറില്‍ നിന്നും തമിഴ്‌നാടിലെ ടോപ്പ് സ്റ്റേഷന്‍ താണ്ടി വേണം വട്ടവടയിലെത്താന്‍. അല്ലെങ്കില്‍ ഒറ്റമരം വരെ പാല്‍ വണ്ടിയില്‍ വന്നിറങ്ങി നടക്കണമായിരുന്നു.
അക്കാലത്ത് തന്നെയാണ് ഒരു പഞ്ചായത്ത് ഭരണസമിതി അപ്പാടെ കൂറുമാറിയത്. സി.പി.എം ചിഹ്നത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കേരള കോണ്‍ഗ്രസ് ജെ യിലേക്കാണ് പോയത്. അന്ന് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് നേരിട്ട് എത്തി മെമ്പര്‍ഷിപ്പ് നല്‍കി. ഒരു പഞ്ചായത്ത് ജീവനക്കാരനായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍, വൈകാതെ കേരള കോണ്‍ഗ്രസ. ഇവിടെ ഇല്ലാതായി.
റോഡും ബസും വന്നതോടെ വട്ടവടയുടെ മുഖഛായ മാറി. തുഛമായ വിലക്ക് ഭൂമി വാങ്ങിയ മലയാളികള്‍ വ്യവസായികാടിസ്ഥാനത്തില്‍ യൂക്കാലി കൃഷി നടത്തി. ഇതു വട്ടവടയെ വരള്‍ച്ചയിലേക്ക് നയിച്ചു. വട്ടവടയിലെ കമ്പംകല്ലും കടവരിയുമൊക്കെ നീലചടയെന്റ ഉല്‍പാദന കേന്ദ്രമായി മാറി. കഞ്ചാവ് സംസ്‌കരണ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചു. ഇന്നിപ്പോള്‍ കഞ്ചാവ് കൃഷി ഇല്ല. അന്ന് കഞ്ചവ് വിളഞ്ഞ പ്രദേശങ്ങള്‍ ആനമുടിചോല ദേശിയ ഉദ്യാനവും കുറിഞ്ഞിമല സേങ്കതവുമായി മാറി. പാമ്പാടുംചോല ദേശിയ ഉദ്യാനവും ഈ പഞ്ചായത്തിലാണ്.
വട്ടവട ഇപ്പോള്‍ വിനോദ സഞ്ചാര കേന്ദ്രമായി മാറി. നിരവധി റിസോര്‍ട്ടുകള്‍ ഈ മലമുകളിലുണ്ട്. ഇതേസമയം, വട്ടവടയിലൂടെ കൊഡൈക്കനാലിലേക്ക് റോഡ് എന്ന ആവശ്യം ഇനിയും നടപ്പായില്ല. കൊട്ടകൊമ്പുര്‍,കടവരി,തമിഴ്‌നാടിലെ ക്ലാവര,കവുഞ്ചി വഴി കൊഡൈക്കനാലിലേക്കുള്ള നിലവിലെ ജീപ്പ് റോഡ് വികസിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, തമിഴ്‌നാട് പ്രദേശം വന്യജീവി സേങ്കതമായി പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പിന്നോക്കം പോയി.
വിവിധ രാഷ്ട്രീയ നേതാക്കളായ ഗാന്ധിദാസന്‍ (ജനത), രാജ് മന്നാടിയാര്‍ (കോണ്‍ഗ്രസ്), മുരുകയ്യ (സി.പി.എം), എന്‍. കെ സുബ്രമണ്യന്‍ (സി.പി.ഐ) എന്നിവരാണ് ബഹിഷ്‌കരണത്തിന് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ ഹയര്‍സെക്കണ്ടറി സ്‌കൂളടക്കമുണ്ട്. ഗാന്ധിദാസെന്റ മകന്‍ മോഹന്‍ദാസ് പഞ്ചായത് പ്രസിഡന്റായിരിക്കെ, വീടുകളോട് ചേര്‍ന്ന് കക്കൂസുകളും നിർമിച്ച് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.