വനം വകുപ്പ് ഉദ്യോഗസ്ഥൻ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന് വാവാ സുരേഷ്
text_fieldsഗാന്ധിനഗർ (കോട്ടയം): മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്തുപോലും വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ്. ഈ ഉദ്യോഗസ്ഥൻ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ആക്ഷേപിക്കുകയായിരുന്നു.
2006ൽ വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് താനാണ് പാമ്പു പിടിക്കാൻ പരിശീലനം നൽകിയത്. പാമ്പുപിടിക്കുന്നതിന് സർക്കാർ നിരവധി ഫണ്ട് വിനിയോഗിക്കുന്നുണ്ടെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുന്നില്ല. ജനങ്ങളുടെ ആരാധനയല്ല, സ്നേഹമാണ് വീണ്ടും പാമ്പിനെ പിടിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ വിളിക്കുമ്പോഴാണ് താൻ പാമ്പിനെ പിടിക്കാൻ എത്തുന്നതെന്നും സുരേഷ് പറഞ്ഞു.
മരണം വരെ പാമ്പുപിടിത്തം തുടരും
ഗാന്ധിനഗർ (കോട്ടയം): വിഷം തീണ്ടിയ ജീവനെ മരണത്തിനു വിട്ടുകൊടുക്കാതെ കാവലിരുന്നവർക്കും സ്നേഹിച്ചും പ്രാർഥിച്ചും കൂടെ നിന്നവർക്കും കൈകൂപ്പി നന്ദിചൊല്ലി വാവ സുരേഷ് ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങി. ഒരാഴ്ച മുമ്പ് അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിയ അദ്ദേഹം സന്തോഷത്തോടെ നടന്നു യാത്രയാകുന്നതു കാണാൻ വൻജനാവലിയാണ് തിങ്കളാഴ്ച ആശുപത്രിമുറ്റത്തു തടിച്ചുകൂടിയത്.
രാവിലെ 11ന് മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ ഐ.സി.യുവിൽ എത്തി വാവ സുരേഷിനെ കണ്ടു. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘമിത്ര, ന്യൂറോ മെഡിസിൻ മേധാവി ഡോ. ജേക്കബ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. രതീഷ് കുമാർ, ഡോ. രാജേഷ്, ഡെപ്യൂട്ടി ആർ.എം.ഒ ഡോ. ലിജോ മാത്യു, ക്രിട്ടിക്കൽ കെയർ യൂനിറ്റ് നോഡൽ ഓഫിസർ ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിശോധനകൾക്കുശേഷം സുരേഷിനെ പുറത്തേക്ക് കൊണ്ടുവന്നു. ഈ സമയം ക്രിട്ടിക്കൽ ഐ.സി.യു മുതൽ നൂറുകണക്കിന് ആളുകൾ സുരേഷിനെ കാണാനും വിഡിയോ പകർത്താനും തിക്കിത്തിരക്കി. പുറത്തെത്തിയ സുരേഷ്, ആദ്യം നന്ദി പറഞ്ഞത് മന്ത്രി വി.എൻ. വാസവനായിരുന്നു. ഒരു സാധാരണക്കാരനെ ആശുപത്രിയിലെത്തിക്കാൻ മന്ത്രിയുടെ വാഹനം പൈലറ്റ് ആയിപ്പോകുന്നത് ആദ്യസംഭവമാണെന്ന് സുരേഷ് പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭ്യമായതിനാലാണ് പെട്ടെന്ന് ആരോഗ്യവാനായി വീട്ടിലേക്കു പോകാൻ സാധിച്ചത്. ഇത് തന്റെ രണ്ടാം ജന്മമാണ്. പാമ്പു പിടിത്തം നിർത്താനാവില്ല. മരണം വരെ തുടരും. 10 ദിവസത്തെ പൂർണ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പാരാ മെഡിക്കൽ ജീവനക്കാർ, ക്ലീനിങ് ജീവനക്കാർ, ആശുപത്രിയിൽ തന്നെ കാണാനെത്തിയ തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, വിവിധ സഭ മെത്രാൻമാർ, അതിരൂപത വികാരി ജനറൽമാർ, അപകടം ഉണ്ടായ സമയം മുതൽ കൂടെ ഉണ്ടായിരുന്ന കുറിച്ചിയിലെ വീട്ടുടമ നിഖിൽ, കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം മഞ്ജീഷ്, മെഡിക്കൽ കോളജിൽ എത്തിയപ്പോൾ മുതൽ ശീതളപാനീയങ്ങളും ഭക്ഷണവും നൽകിയിരുന്ന നവജീവൻ ട്രസ്റ്റി പി.യു. തോമസ്, അസുഖമായിരുന്നിട്ടും തന്നെ നേരിൽ കാണാൻ എത്തിയ പാലക്കാട് കുഴൽമന്ദം പഞ്ചായത്ത് അസി. സെക്രട്ടറി മിനി, ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് തന്റെ ജീവനുവേണ്ടി പ്രാർഥിച്ചവർ തുടങ്ങിയവർക്കെല്ലാം സുരേഷ് നന്ദി പറഞ്ഞു.
വാവ സുരേഷിന് നൽകിയത് 65 കുപ്പി ആന്റിവെനം
ഗാന്ധിനഗർ: മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷിന്റെ ശരീരത്തിലെ വിഷാംശം പൂർണമായി നീങ്ങി. തുടർ ചികിത്സക്ക് ഇനി എത്തേണ്ടതില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. സുരേഷിന് 65 കുപ്പി ആന്റിവെനം നൽകിയതിനാലാണ് ശരീരത്തിലുണ്ടായിരുന്ന മുഴുവൻ വിഷാംശവും ഇല്ലാതായത്. സാധാരണ മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ 25 കുപ്പി ആന്റിവെനമാണ് നൽകുന്നത്. എന്നാൽ, സുരേഷിന് ഇത് നൽകിയിട്ടും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് കൂടുതൽ നൽകിയത്. പാമ്പിന്റെ വിഷാംശം വലിയ തോതിൽ ശരീരത്തിൽ പ്രവേശിച്ചിരുന്നു. ഇനി അവശേഷിക്കുന്നത് കടിയേറ്റതിന്റെ മുറിവുമാത്രമാണ്. അത് ഉണങ്ങുന്നതിന് നാട്ടിലെ ഏതെങ്കിലും ആശുപത്രിയിൽ കാണിച്ചാൽ മതിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.