വാവ സുരേഷിനെ ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റി
text_fieldsഗാന്ധിനഗർ (കോട്ടയം): മൂർഖന്‍റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് സാധാരണ നിലയിലേക്ക്. ഐ.സി.യുവിൽനിന്ന് വെള്ളിയാഴ്ച രാവിലെ മുറിയിലേക്ക് മാറ്റിയ വാവ സുരേഷ് കിടക്കയിൽ എഴുന്നേറ്റിരിക്കുകയും മുറിക്കകത്ത് നടക്കുകയും ചെയ്തു. ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നൽകുകയായിരുന്നു. ഓർമശക്തിയും സംസാരശേഷിയും പൂർണമായി വീണ്ടെടുത്തിട്ടുണ്ട്. ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും സംസാരിച്ചു. കഴിഞ്ഞ സംഭവങ്ങൾ ഓർത്തെടുക്കാനും കഴിയുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം ഒരു ഘട്ടത്തിൽ കുറഞ്ഞതിനാൽ ഓർമശക്തിയെ ബാധിക്കുമോ എന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നു.
തലച്ചോറിന്‍റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മുറിവുണങ്ങാനും മറ്റും ആൻറിബയോട്ടിക് ചികിത്സ നടത്തുന്നുണ്ട്. അടുത്തദിവസം വാർഡിലേക്ക് മാറ്റാനും ഉടൻ ആശുപത്രി വിടാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. പാമ്പിന്‍റെ കടിയേറ്റ ഭാഗത്ത് പടർന്ന വിഷാംശം വീണ്ടും രക്തത്തിലൂടെ കലർന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്താതിരിക്കാൻ രണ്ടാം തവണയും ആന്‍റിവെനം നൽകിയിരുന്നു. തലച്ചോറിന്‍റെ പ്രവർത്തനം അൽപംകൂടി മെച്ചപ്പെടാനുള്ള ചികിത്സയാണ് ഇപ്പോൾ നൽകിവരുന്നത്. ഹൃദയത്തിന്‍റെയും ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിൽ ആയതിനാൽ ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് അബോധാവസ്ഥയിൽ എത്തിച്ച സുരേഷിന് വ്യാഴാഴ്ചയാണ് ബോധം വന്നതും വെന്‍റിലേറ്ററിൽനിന്ന് ക്രിട്ടിക്കൽ കെയർ ഐ.സി.യുവിലേക്ക് മാറ്റിയതും. മന്ത്രി വി.എൻ. വാസവൻ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. സുരേഷിന്‍റെ സഹോദരനും ബന്ധുവുമാണ് ആശുപത്രിയിൽ കൂടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.