വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; 48 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ
text_fieldsഗാന്ധിനഗർ(കോട്ടയം): മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ആശാവഹമായ പുരോഗതിയുണ്ടെങ്കിലും അപകടനില മറികടന്നിട്ടില്ല. വെന്റിലേറ്റർ സഹായം ഒരാഴ്ചവരെ തുടരേണ്ടിവന്നേക്കാം.
അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി നില മോശമായെങ്കിലും ബുധനാഴ്ച ഉച്ചയോടെ ഏറെ മാറ്റമുണ്ടായി. ആന്റിവെനം ചികിത്സ തുടരും. തലച്ചോറിന്റെ പ്രവർത്തനവും വിലയിരുത്തുന്നുണ്ട്. ഹൃദയസ്തംഭനംമൂലം തലച്ചോറിന് ആഘാതമുണ്ടോയെന്ന് പരിശോധിക്കണം. രക്തയോട്ടത്തിന്റെ കുറവുമൂലം തലച്ചോറിലെ കോശങ്ങൾക്ക് കേടുസംഭവിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ സാധാരണ നിലയിലേക്ക് പെട്ടെന്ന് എത്താൻ കഴിയില്ല. രോഗി പ്രതികരിക്കുന്നതിനാൽ ഇത് മറികടക്കാൻ കഴിഞ്ഞേക്കും.
ഫിസിയോ തെറപ്പിയും നൽകുന്നുണ്ട്. പല തവണ പലതരം പാമ്പുകളുടെ കടിയേറ്റ് തുടർച്ചയായി ആൻറിവെനം നൽകുന്നത് അലർജിക്കുള്ള സാധ്യത ഉണ്ടാകാമെന്നും ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘ മിത്ര,ന്യൂറോ മെഡിസിനിലെ ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. കുറിച്ചിയിൽനിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.