വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരം; സ്വന്തമായി ആഹാരം കഴിക്കാൻ തുടങ്ങി
text_fieldsകോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. സ്വന്തമായി ആഹാരം കഴിക്കുകയും തനിയെ നടക്കുവാനും തുടങ്ങി.
നിലവിൽ ജീവൻ രക്ഷോപാധികൾ ഒന്നും ഉപയോഗിക്കുന്നില്ല. മുറിവ് ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.
രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ നിർത്താനാണ് തീരുമാനം. മൂന്ന് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ശരീരത്തിലെ മസിലുകളുടെ ചലനശേഷിയും പൂർണമായി തിരിച്ചുകിട്ടി. തലച്ചോറിന്‍റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഹൃദയത്തിന്‍റെയും ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിൽ ആയതിനാൽ ഇനി ആശങ്കയില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.
മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. അബോധാവസ്ഥയിലായ സുരേഷിനെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാർഡിൽ വാണിയേപുരക്കൽ ജലധരന്റെ വീടിനോടുചേർന്ന ഉപയോഗശൂന്യമായ തൊഴുത്തിൽ മൂന്നുദിവസമായി പാമ്പിനെ കാണുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് തിങ്കളാഴ്ച എത്തിയ വാവ സുരേഷ്, തൊഴുത്തിലെ കരിങ്കല്ലിനിടയിൽനിന്ന് പാമ്പിനെ പിടികൂടി വാലിൽ പിടിച്ച് ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന്റെ മുട്ടിനുമുകളിൽ കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വിട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി.
പിന്നീട് വാവ സുരേഷ് ആശുപത്രിയിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ കോളജിലേക്കാണ് പുറപ്പെട്ടതെങ്കിലും പകുതി വഴി എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പാമ്പിനെയും ആശുപത്രിയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.