വയ വന്ദൻ ട്രാക്കിലായില്ല; രജിസ്റ്റർ ചെയ്തവർ വെട്ടിൽ
text_fieldsകോഴിക്കോട്: ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (വയ വന്ദൻ) പദ്ധതി നടപ്പിൽവരുന്നതിനു മുമ്പുതന്നെ അതിൽ രജിസ്റ്റർ ചെയ്തവർ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെയും വയ വന്ദൻ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാതെ വെട്ടിലായി. പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന വിഹിതം സംബന്ധിച്ച് ദേശീയ ആരോഗ്യ ഏജൻസിയിൽ നിന്ന് സംസ്ഥാന ഏജൻസിക്ക് കൃത്യമായ നിർദേശം ലഭിക്കാത്തതിനാൽ കേരളത്തിൽ പദ്ധതി നടപ്പാക്കിത്തുടങ്ങാത്തതാണ് വയോജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
പദ്ധതി സംബന്ധിച്ച് പ്രാഥമിക നിർദേശം മാത്രമാണ് ലഭിച്ചതെന്നും പദ്ധതി വിഹിതം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഇതിൽ കൃത്യത വരുത്തിയതിനുശേഷം മാത്രമേ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുകയുള്ളു എന്നും സംസ്ഥാന ആരോഗ്യ ഏജൻസി അറിയിച്ചു. നിലവിൽ കാരുണ്യ അടക്കമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർ വയ വന്ദൻ കാർഡ് രജിസ്റ്റർ ചെയ്യുന്നതോടെ ആധാർ ലിങ്ക് ചെയ്യപ്പെട്ട മറ്റ് എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ നിന്നും പുറന്തള്ളപ്പെടും.
ഇക്കാരണത്താൽതന്നെ വയ വന്ദൻ കാർഡിന് രജിസ്റ്റർ ചെയ്തവർക്ക് കാരുണ്യ, കെ.ബി.എഫ് അടക്കമുള്ള ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാകാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. വയവന്ദൻ പദ്ധതി നടപ്പാക്കിത്തുടങ്ങിയിട്ടില്ലെന്ന കാര്യം മനസ്സിലാക്കാതെ നിരവധി പേരാണ് ആപ് വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും രജിസ്റ്റർ ചെയ്യുന്നത്. ഒരു തവണ രജിസ്റ്റർ ചെയ്താൽ അതിൽ നിന്നു പുറത്തുകടക്കാനുള്ള മറ്റ് വഴികളും ഗുണഭോക്താക്കൾക്ക് മുന്നിലില്ല. ഇതു കാരണം ഇവർക്ക് മറ്റ് ചികിത്സാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. ഒരു ആധാർ കാർഡ് നമ്പറിൽ നാഷനൽ ഹെൽത്ത് അതോറിറ്റി അംഗീകരിച്ച ഒരു ഇൻഷുറൻസ് പദ്ധതിയിൽ നിന്നു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.