വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററെയും, കൂടിയാട്ട കലാകാരൻ വേണുജിയെയും ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരത്തിന് തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരത്തുക. ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ.ആർ. ബിന്ദുവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കായിക മേഖലയിലെ മികവിന് എം.ജെ. ജേക്കബ് (എറണാകുളം), കെ. വാസന്തി (ആലപ്പുഴ), എന്നിവർക്ക് പുരസ്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീപുരസ്കാരങ്ങൾ. മുൻ നിയമസഭാംഗം കൂടിയാണ് എം.ജെ ജേക്കബ്. കല-സാഹിത്യം എന്നീ മേഖലയിൽ കെ.കെ. വാസു (തിരുവനന്തപുരം), കെ.എൽ. രാമചന്ദ്രൻ (പാലക്കാട്) എന്നിവരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തു.
മികച്ച ജില്ല പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ല നേടി. മികച്ച കോർപറേഷനുള്ള പുരസ്കാരം തിരുവനന്തപുരം കോർപറേഷനാണ്. കൊയിലാണ്ടി ആണ് മികച്ച മുനിസിപ്പാലിറ്റി. വൈക്കം, കല്യാശ്ശേരി എന്നിവ മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും, പിലിക്കോട് (കാസർകോട്), കതിരൂർ (കണ്ണൂർ) എന്നിവയെ മികച്ച പഞ്ചായത്തുകളായും തെരഞ്ഞെടുത്തു.
മികച്ച എൻ.ജി.ഒക്കുള്ള പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ ‘സത്യാന്വേഷണ’ ചാരിറ്റബിൾ ട്രസ്റ്റും, മെയിന്റനൻസ് ട്രൈബ്യൂണലിനുള്ള പുരസ്കാരം ദേവികുളം മെയിന്റനൻസ് ട്രൈബ്യൂണലും നേടി. പുളിക്കൽ പറമ്പിലെയും (പാലക്കാട്) വേങ്ങരയിലെയും (മലപ്പുറം) സായംപ്രഭാ ഹോമുകൾക്കാണ് ആ മേഖലയിലെ മികവിന് പുരസ്കാരം. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സാമൂഹികനീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.