വാഴക്കോട് ക്വാറി സ്ഫോടനം: കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകി, ദുരൂഹത ബാക്കി
text_fieldsതൃശൂർ: വടക്കാഞ്ചേരി വാഴക്കോട് പ്രവർത്തനാനുമതിയില്ലാത്ത ക്വാറിയിലുണ്ടായ സ്ഫോടനം സംബന്ധിച്ച് ആർ.ഡി.ഒ നേരിട്ടെത്തി തെളിവെടുക്കും. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന ഉന്നതതല വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
സ്ഫോടനം സംബന്ധിച്ച് കലക്ടർ എസ്. ഷാനവാസ് സർക്കാറിനും ലാൻഡ് റവന്യൂ കമീഷണർക്കും റിപ്പോർട്ട് സമർപ്പിച്ചു. വിശദ അന്വേഷണത്തിന് തൃശൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയതായും ജില്ല ക്രൈംബ്രാഞ്ചിെൻറ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആർ.ഡി.ഒക്ക് നിർദേശം നൽകിയത്. അപകടമുണ്ടായ ക്വാറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും ക്വാറിയിലേക്കുള്ള പാതകൾ ചങ്ങലയിട്ട് ബന്ധിപ്പിക്കാനും പഞ്ചായത്തിന് കലക്ടർ നിർദേശം നൽകി.
ക്വാറിയിലെ സ്ഫോടനത്തിൽ ദുരൂഹതയേറെയാണ്. പ്രവർത്തിക്കാത്ത ക്വാറിയിൽ സ്ഫോടക വസ്തുക്കൾ എത്തിയതെങ്ങനെ, ഉടമയും തൊഴിലാളികളും എന്തിന് അവിടെ വന്നു, കരിങ്കല്ല് പൊട്ടിച്ചിട്ടില്ലെന്നിരിക്കെ വെടിമരുന്ന് ഉപയോഗിച്ചത് എന്തിന് തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം.
പാറമടയിൽ ഉപയോഗിക്കുന്ന വെടിമരുന്നല്ല, ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സി.പി.എം നേതാവും മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡൻറുമായ എം.കെ. അബ്ദുസ്സലാമിെൻറ കുടുംബ ഉടമസ്ഥതയിലുള്ള പാറമടയിൽ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. 2017 ഡിസംബറിൽ സബ് കലക്ടറായിരുന്ന രേണുരാജ് പൂട്ടിച്ച ക്വാറിയിൽനിന്ന് വൻതോതിൽ ജലാറ്റിൻ സ്റ്റിക്കുകളും വെടിമരുന്നുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ലോക്ഡൗണായതിനാൽ ഒരുവർഷത്തിലധികമായി ക്വാറി പ്രവർത്തനം നിലച്ചിരിക്കുകയാണ്. അതിനാൽ സ്ഫോടക വസ്തുക്കൾ എത്തിയതിലെ അന്വേഷണത്തിലാണ് പൊലീസ്. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമമായിരുന്നെന്ന വിവരത്തെ തുടർന്ന് അതും അന്വേഷിക്കുന്നുണ്ട്. സ്ഫോടക വസ്തുക്കളുടെ തൊട്ടടുത്തുണ്ടായിരുന്നതായാണ് പരിക്കുകളുടെ സ്വഭാവം സൂചിപ്പിക്കുന്നതെന്ന് പറയുന്നു.
നാലരയടിയിലധികം ആഴമുള്ള കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടതല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാറമടയിൽ മീൻ വളർത്തുന്നുണ്ട്. ഇതിനായി പകൽസമയങ്ങളിൽ എത്താമെന്നിരിക്കെ വൈകീട്ട് കുറച്ചാളുകൾ മാത്രമെത്തിയതും സംശയകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.