കഥകളി ആചാര്യൻ വാഴേങ്കട വിജയൻ അരങ്ങൊഴിഞ്ഞു
text_fieldsചെർപ്പുളശ്ശേരി: കഥകളി ആചാര്യനും പരേതനായ പത്മശ്രീ ജേതാവ് വാഴേങ്കട കുഞ്ചു നായരുടെ മകനുമായ വാഴേങ്കട വിജയൻ (83) നിര്യാതനായി. വെള്ളിയാഴ്ച പുലർച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാമണ്ഡലം പ്രിൻസിപ്പലായിരുന്ന അദ്ദേഹം കഥകളി അരങ്ങുകളിലും പരിശീലനങ്ങളിലും കലാമണ്ഡലം അധ്യാപനത്തിലും നിറസാന്നിധ്യമായിരുന്നു.
1971ൽ കലാമണ്ഡലത്തിൽ സ്ഥിരം അധ്യാപകനും തുടർന്ന് പ്രിൻസിപ്പലും ഭരണസമിതി അംഗവുമായി. കേന്ദ്ര സംഗീത അക്കാദമി അവാർഡ്, കഥകളിയിലെ ഏറ്റവും വലിയ പുരസ്കാരമായ സംസ്തുതി സമ്മാൻ പുരസ്കാരം, കളിയച്ഛൻ പുരസ്കാരം, കലാമണ്ഡലം പുരസ്കാരം, വെള്ളിനേഴി പഞ്ചായത്ത് പുരസ്കാരം, വാഴേങ്കട നരസിംഹമൂർത്തി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സി. രാജലക്ഷ്മി. മക്കൾ: ശൈലജ, ശ്രീകല, പ്രസീദ. മരുമക്കൾ: പി.എസ്. കൃഷ്ണകുമാർ (വിമുക്തഭടൻ), എം. സന്തോഷ്കുമാർ (ചളവറ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ശിവദാസ്. സഹോദരങ്ങൾ: പി.വി. ശ്യാമളൻ, ശ്രീവത്സൻ, ചന്ദ്രിക, ശോഭന, ഗിരിജ, ഇന്ദിര, പരേതരായ ജനാർദനൻ നായർ, ശ്രീകാന്ത് നായർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ വെള്ളിനേഴിയിലെ വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.