കണ്ണൂരിലും ഇടനിലക്കാർ; ആരോപണം തള്ളി വി.സി
text_fieldsകണ്ണൂർ: ‘കേരള’യിലേതുപോലെ കണ്ണൂർ സർവകലാശാല കലോത്സവത്തിലും ഇടനിലക്കാർ വിധികർത്താക്കളെ സ്വാധീനിച്ചിരുന്നുവെന്ന ആരോപണം തള്ളി വി.സി. വിധിനിർണയത്തിലോ മറ്റോ ആരും ഇത്തരം പരാതി ഉന്നയിച്ചിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ ഡോ. എസ്. ബിജോയ് നന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫെബ്രുവരിയിൽ കാസർകോട് മുന്നാട് പീപ്ൾസ് കോളജിൽ നല്ലനിലക്കാണ് കലോത്സവം പൂർത്തീകരിച്ചത്. രണ്ടുദിവസം മേളയിൽ പങ്കെടുത്തിരുന്നതായും ഒരു പരാതിയും ആരും പറഞ്ഞില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കണ്ണൂർ കലോത്സവത്തിൽ കുച്ചിപ്പുടി, മോഹിനിയാട്ടം മത്സരങ്ങളുടെ വിധികർത്താവായിരുന്ന നൃത്താധ്യാപിക തിരുവനന്തപുരം സ്വദേശിനി സൗമ്യ സുകുമാരനാണ് ഇടനിലക്കാരുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. സംഘനൃത്ത ഇനത്തിൽ ജഡ്ജിയാവാനാണ് ഇവരെ ആദ്യം നിർദേശിച്ചത്. മത്സരത്തലേന്ന് ഒരു പ്രത്യേക ടീമിന് ഒന്നാം സ്ഥാനം നൽകണമെന്ന് വാട്സ്ആപ് സന്ദേശം വന്നെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ മത്സരത്തിന്റെ ജഡ്ജസ് പാനലിൽനിന്ന് ഒഴിവാക്കിയെന്നുമാണ് വെളിപ്പെടുത്തൽ.
ടീമിന്റെ കോസ്റ്റ്യൂമിന്റെ നിറവും പാട്ടും ചിത്രവും ശബ്ദരേഖയുമെല്ലാം വാട്സ്ആപ്പിൽ അയച്ചുതന്നുവെന്നും സന്ദേശം കണ്ടശേഷം ഡിലീറ്റ് ചെയ്തുവെന്നും വിധികർത്താവ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.