വി.സി നിയമനം: കണ്ണൂരിൽ പ്രതിഷേധപ്പകൽ
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ ജില്ലയിൽ പ്രതിഷേധങ്ങളും ആഘോഷങ്ങളും നിറഞ്ഞ പകലായിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും സർക്കാറിനെയും ഗവർണറേയും ഒരുപോലെ വിമർശിച്ച് രംഗത്തെത്തി. വിധി പറയുന്നതിന് മുന്നേ കെ.എസ്.യു പ്രവർത്തകർ കണ്ണൂർ സർവകലാശാല കോമ്പൗണ്ടിൽ നിലയുറപ്പിച്ചിരുന്നു.
വിധി വന്നയുടൻ കണ്ണൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ ആഘോഷിച്ചത്. കൂടാതെ ലഡു വിതരണവും നടത്തി. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ പ്രവർത്തകർ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തും പ്രകടനം നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വി.സിയുടെയും മന്ത്രി ആർ. ബിന്ദുവിന്റെയും കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.
ഡോ. ഗോപിനാഥ് രവീന്ദ്രൻ കൈപ്പറ്റിയ മുഴുവൻ ആനുകൂല്യങ്ങളും സർക്കാരിലേക്ക് തിരിച്ചടക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ റഷീദ് അഭിപ്രായപ്പെട്ടു. ജില്ല യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, സെക്രട്ടി റോബർട്ട് വെള്ളാംവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
ഗവര്‍ണറും സര്‍ക്കാറും ഒത്തുകളിച്ചു-മാര്ട്ടിന് ജോർജ്
കണ്ണൂര്‍: കണ്ണൂര്‍ സർവകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യഭ്യാസ മന്ത്രി ആര്. ബിന്ദുവും രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിച്ചാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത്. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കാന്‍ സമ്മർദം ഉണ്ടായത് മുഖ്യമന്ത്രിയില്‍ നിന്നാണെന്ന ഗവര്‍ണറുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. സി.പി.എം പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരു പാവയെപ്പോലെ പ്രവര്‍ത്തിച്ച ഗോപിനാഥ് രവീന്ദ്രന് വൈസ് ചാന്‍സലറെന്ന പദവിക്കു തന്നെ കളങ്കം വരുത്തിയാണ് പടിയിറങ്ങുന്നതെന്നും മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം- ലീഗ്
കണ്ണൂർ: വൈസ് ചാൻസലറുടെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ അവിഹിത നിയമനത്തിന് നേതൃത്വം നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ലയും ആവശ്യപ്പെട്ടു.
സർക്കാർ സമ്മർദത്തിന് വഴങ്ങിയാണ് ഗവർണർ നിയമനം നടത്തിയതെന്ന കോടതി പരാമർശം ഗൗരവതരമാണ്. പുനർ നിയമനത്തിന് പ്രായപരിധിചട്ടം ബാധകമല്ലെന്ന സർക്കാർ വാദത്തിനേറ്റ തിരിച്ചടികൂടിയാണ് സുപ്രീംകോടതി വിധിയെന്നും നേതാക്കൾ പറഞ്ഞു.
ഗവർണറും രാജിവെക്കണം -എം.വി. ജയരാജൻ
കണ്ണൂര്‍: കണ്ണൂർ വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ഗവർണർക്കുള്ള തിരിച്ചടിയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്.ബാഹ്യ ഇടപെടൽVC appointment: Day of protest in Kannur എവിടെ നിന്ന് സംഭവിച്ചുവെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെങ്കിലും കോടതിയുടെ പരാമർശം ഗവർണർക്കെതിരെയാണ്. ഗവർണർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അവകാശമില്ല. വി.സി രാജിവച്ചത് പോലെ ഗവർണറും രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.വി.സി പുനർപരിശോധനാ ഹർജി കൊടുക്കുന്നില്ലെന്ന് പറഞ്ഞു. അത് അന്തസ്സുള്ള നിലപാടാണ്. വി.സിയെപോലൊരു മാന്യത ഗവർണർക്കില്ലെന്നും എം.വി. ജയരാജന് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.