വി.സി നിയമനം: സർക്കാറിനെ പ്രതിക്കൂട്ടിലാക്കി ഗവർണർ
text_fieldsതിരുവനന്തപുരം: സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാത്തതില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ 75 വർഷത്തിനിടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതും വി.സി നിയമനം നടത്തുന്നതും ചാന്‍സലറാണെന്നും താന്‍ രൂപവത്കരിച്ച സെലക്ഷന്‍ കമ്മിറ്റിക്കെതിരേ കോടതിയെ സമീപിച്ചത് സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ സര്‍വകലാശാലകളെവെച്ചു കളിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഉന്നത വിദ്യാഭ്യാസ മേഖല തകരും.
ഇപ്പോള്‍ വി.സിമാരില്ലാത്ത സാങ്കേതിക സർവകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വി.സിമാരെ നിയമിച്ചാലും സര്‍ക്കാര്‍ ഹൈകോടതിയില്‍ പോവും. അതിനാല്‍, എന്താണ് പോംവഴിയെന്ന് കണ്ടെത്താന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍വകലാശാല ബില്‍ നടപ്പാവാത്തതിന്റെ ഉത്തരവാദി താനല്ല. വ്യക്തികളുടെ താൽപര്യമനുസരിച്ച് സര്‍ക്കാറിന് മുന്നോട്ടുപോകാനാവില്ല. ഭരണഘടനയനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാനാവൂ.
സര്‍ക്കാര്‍ സ്വന്തം അധികാരം മറികടന്നു. മണി ബില്‍ ഗവര്‍ണറുടെ അനുമതിയില്ലാതെ നിയമസഭയില്‍ കൊണ്ടുവരാനാവില്ല. താന്‍ ഭരണഘടനപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇല്ലെങ്കില്‍ സര്‍ക്കാറിന് കോടതിയില്‍ പോവാം. വി.സി നിയമനത്തിന് എല്ലാ സര്‍വകലാശാലകളിലും സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ പോവുകയും സ്റ്റേ ചെയ്യുകയുമായിരുന്നു. വി.സി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും പൂര്‍ണമായി ചാന്‍സലറുടെ അധികാരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചില ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി വി.സി സ്ഥാനത്തേക്ക് പേരുകള്‍ നിര്‍ദേശിക്കുകയാണ് സര്‍ക്കാര്‍. തനിക്ക് കോടതിയെ മറികടക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.