കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വി.സി; പഠിക്കാൻ രണ്ടംഗ സമിതിയെ നിയമിച്ചു
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. കാവിവത്കരണമെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സിലബസിനെ കുറിച്ച് പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ടിന് ശേഷമെ സിലബസ് പിൻവലിക്കുന്നതിനെ പറ്റി ആലോചിക്കുള്ളു. സർവകലാശാലക്ക് പുറത്തുള്ള അധ്യാപകരെയാണ് പഠിക്കാൻ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ജി കോഴ്സിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ഗോൾവാൾക്കറുടെ 'വീ ഓർ ഔർ നാഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്', സവർക്കറുടെ 'ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിെല ചില ഭാഗങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്. തീംസ് - ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങൾ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.
അതെസമയം ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയാറാക്കി എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സിലബസ് പാനലിലെ ഒരു വിഭാഗം അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദേശിച്ച പേപ്പറുകളെല്ലാം ഒരു വിഭാഗം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചതെന്നും ആക്ഷേപം ഉണ്ട്. എം.എ പൊളിറ്റിക്കൽ സയൻസ് ആയിരുന്ന പി.ജി കോഴ്സ് ഈ വർഷം മുതലാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ആയത്
ഇതിനെതിരെ വിവിധ വിദ്യാർഥി സംഘടനകൾ പ്രക്ഷോഭരംഗത്താണ്.എന്നാൽ യൂനിവേഴ്സിറ്റി നിലപാടിനെ പിന്തുണക്കുന്ന നിലപാടാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂനിയൻ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.