കെ.ടി.യുവിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വി.സി ഒപ്പിട്ടുതുടങ്ങി
text_fieldsതിരുവനന്തപുരം: വി.സിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന് നൽകിയ ഗവർണറുടെ നടപടി ഹൈകോടതി ശരിവെച്ചതോടെ സാങ്കേതിക സർവകലാശാലയിലെ (കെ.ടി.യു) പ്രതിഷേധങ്ങൾ നിലച്ചു.
കോടതി വിധിയോടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാനുള്ള വഴിയും തുറന്നു. ബുധനാഴ്ച മാത്രം 500ഓളം ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടു. പ്രസിദ്ധീകരിക്കാൻ തയാറായ പരീക്ഷഫലങ്ങൾക്കും അംഗീകാരം നൽകി.
വി.സി നിയമനം കോടതിയിലായതിനാൽ ബിരുദ സർട്ടിഫിക്കറ്റിൽ ഒപ്പിടാനുള്ള സൗകര്യം വി.സിക്ക് നൽകിയിരുന്നില്ല.
കോടതി വിധിയോടെ ബുധനാഴ്ച മുതൽ ഈ സൗകര്യം വി.സിക്ക് നൽകി. സർവകലാശാല കവാടത്തിൽ പ്രതിഷേധിച്ചിരുന്ന വിദ്യാർഥികളും ഒരുവിഭാഗം ജീവനക്കാരും കോടതിവിധിയോടെ പ്രതിഷേധ സമരങ്ങൾ അവസാനിപ്പിച്ചു.
പദവിയിൽ തുടരുന്നത് സംബന്ധിച്ച് കോടതി സംശയം പ്രകടിപ്പിച്ച പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ് ബുധനാഴ്ച സർവകലാശാലയിൽ എത്തിയില്ല. വി.സി സർവകലാശാലയിലെ വിവിധ വിഭാഗങ്ങളും സന്ദർശിക്കുകയും ജീവനക്കാരുമായി ചർച്ച നടത്തുകയും ചെയ്തു.
ബിരുദ സർട്ടിഫിക്കറ്റിനായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിശോധിച്ച് വി.സിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.