സംസ്കൃത സർവകലാശാലയിൽ ദളിത്ബന്ധു ആർക്കൈവ് ആരംഭിക്കുമെന്ന് വി.സി
text_fieldsതിരുവനന്തപുരം : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ചരിത്രകാരനായ ദളിത്ബന്ധു എൻ. കെ. ജോസിന്റെ പേരിൽ ആർക്കൈവ് ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. എം. വി. നാരായണൻ അറിയിച്ചു. സർവകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും ആർക്കൈവ് ഒരുങ്ങുക.
ദളിത്ബന്ധു എൻ. കെ. ജോസിന്റെ കൈയെഴുത്തുപ്രതികൾ, കത്തുകൾ, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവ്വങ്ങളായ പുസ്തകങ്ങൾ എന്നിവയാണ് ശേഖരിച്ച് സംരക്ഷിക്കുക. എൻ.കെ ജോസിന്റെ പേരിൽ എല്ലാ വർഷവും എറുഡൈറ്റ് വാർഷിക പ്രഭാഷണം സംഘടിപ്പിക്കും. പൊതുജനങ്ങൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിധം ആർക്കൈവ് പ്രവർത്തിക്കുമെന്നും പ്രഫ. എം.വി നാരായണൻ പറഞ്ഞു.
ദളിത്ബന്ധു എൻ.കെ. ജോസ് ആർക്കൈവിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 11ന് രാവിലെ 11ന് വൈക്കത്തുളള അദ്ദേഹത്തിന്റെ ഭവനത്തിൽ നടക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാൻസലർ പ്രഫ. കെ. മുത്തുലക്ഷ്മി, സോഷ്യൽ സയൻസ് വിഭാഗം ഡീൻ പ്രഫ. സനൽ മോഹൻ, ചരിത്രകാരൻ ഡോ. പി. കെ. മൈക്കിൾ തരകൻ, ചരിത്ര വിഭാഗം മേധാവി പ്രഫ. കെ. എം. ഷീബ, പ്രഫ. എൻ. ജെ. ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.