സെനറ്റംഗങ്ങളെ പുറത്താക്കിയത് ചട്ടവിരുദ്ധം, പിൻവലിക്കണം; ഗവർണർക്ക് വി.സിയുടെ കത്ത്
text_fieldsതിരുവനന്തപുരം: സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ഗവർണർക്ക് കേരള സർവകലാശാല വൈസ് ചാൻസലറുടെ കത്ത്. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിന്ന 15 പേരെയാണ് ഗവർണർ പുറത്താക്കിയത്. ഇവർ വിട്ടുനിന്നത് മൂലം ക്വോറം തികയാതെ യോഗം നടന്നിരുന്നില്ല. ഗവർണർ 15 പേരെ പിൻവലിച്ചതിൽ കേരള വി.സി വിജ്ഞാപനം ഇറക്കിയിട്ടില്ല. പകരമാണ് ഉത്തരവിലെ അവ്യക്തതകളും നിയമതടസ്സവും ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകിയത്. ഇതോടെ ഗവർണർ-സർക്കാർ-സർവകലാശാല പോര് പുതിയ തലത്തിലായി.
എക്സ് ഒഫിഷ്യോ അംഗങ്ങളായ നാല് വകുപ്പ് മേധാവികൾ ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തിൽനിന്ന് വിട്ടുനിന്നതെന്ന് വി.സി വിശദീകരിക്കുന്നു. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവിൽ ഗവർണർക്ക് പകരം ഗവർണറുടെ സെക്രട്ടറി ഒപ്പുവെച്ചത് ചട്ട വിരുദ്ധമാണെന്നും കത്തിൽ പറയുന്നു. വകുപ്പു മേധാവികളായ നാല് എക്സ് ഓഫിഷ്യോ അംഗങ്ങളും പുറത്തായതിൽ പെടുന്നു. ഇതിൽ ചട്ടലംഘന ആരോപണം വന്നിട്ടുണ്ട്. നിയമ പരിശോധനക്ക് ശേഷമാണ് വി.സി ഗവർണർക്ക് കത്തയച്ചത്. സ്റ്റാറ്റ്യൂട്ടും റൂൾസും പ്രകാരം ഗവർണർക്ക് ഒറ്റയടിക്ക് അംഗങ്ങളെ പിൻവലിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത പലരും ക്ലാസെടുക്കുകയും മറ്റുമായിരുന്നെന്ന് വി.സി വിശദീകരിച്ചിട്ടുണ്ട്.
അതേസമയം, സെനറ്റ് അംഗത്വം നഷ്ടമായവർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഗവർണറുടെ 'പ്ലഷർ' എന്ന് പറഞ്ഞാണ് സെനറ്റംഗങ്ങളെ പുറത്താക്കിയത്. സമാനരീതിയിലാണ് മന്ത്രിമാരെയും പുറത്താക്കുമെന്ന ഭീഷണി ഗവർണർ ഉയർത്തിയത്. ഈ സാഹചര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാർ നിലപാട്.
അതിനിടെ നവംബർ 19ന് കേരള സർവകലാശാല സെനറ്റ് യോഗം വിളിച്ചു. നിരവധി അജണ്ടകൾ ഉള്ള മീറ്റിങ്ങിൽ വി.സി. തെരഞ്ഞെടുപ്പിനുള്ള സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. സെനറ്റിൽനിന്നും പുറത്താക്കപ്പെട്ടവർക്ക് കോടതിയെ സമീപിച്ച് സ്റ്റേ ലഭിക്കാൻ സഹായകമാവുന്നതിനാണ് ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വി.സി മടിക്കുന്നതെന്ന് ആക്ഷേപവുമായി ഒരു വിഭാഗം രംഗത്ത് വന്നു. വി.സി നിയമന ഉത്തരവുകളിലും, വിവിധ നാമ നിർദേശങ്ങളിലും ഗവർണറുടെ ഉത്തരവിൻ പ്രകാരം സെക്രട്ടറിയാണ് സാധാരണ ഒപ്പുവെക്കുന്നതെന്നാണ് ഇവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.