മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘം ശരിയെന്ന് തെളിഞ്ഞു -വി.ഡി. സതീശൻ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫിസ് ഒരുസംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഉപജാപകസംഘത്തിന് നേതൃത്വം നല്‍കിയത്. ആ ഉപജാപകസംഘത്തിന്റെ നേതാവ് ഇപ്പോള്‍ ജയിലിലായപ്പോൾ ആള് മാറിയെന്നേയുള്ളൂ. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ കേസുകളില്‍ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ടെന്നും ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞു.ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടിതന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാല്‍, അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ്.
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ മരണത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല. യു.ജി.സി മാനദണ്ഡമനുസരിച്ച് പി.എസ്.സി അംഗീകരിച്ച പ്രിന്‍സിപ്പല്‍ നിയമനപട്ടിക അട്ടിമറിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കിയ മന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.