ലീഗിനെ ക്ഷണിച്ച സി.പി.എമ്മിന് കിട്ടേണ്ടത് കിട്ടി -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഏക സിവിൽകോഡ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ച സി.പി.എമ്മിന് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
യു.ഡി.എഫിലെ ഒരു ഘടക കക്ഷിയെ മാത്രം ക്ഷണിച്ചത് ഭിന്നിപ്പിക്കാനാണ്. കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പ്രതിഷേധ പരിപാടിയിലേക്ക് എൽ.ഡി.എഫിലെ ആരെയും ക്ഷണിക്കുന്നില്ല. ക്ഷണിച്ചാൽ വരുന്നവരുണ്ട്. ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദ പാലിക്കുന്നതുകൊണ്ടാണ്. ലീഗിനെ ക്ഷണിച്ച സി.പി.എമ്മിന് കിട്ടേണ്ടത് കിട്ടി. സമസ്തയും മുജാഹിദ് വിഭാഗവും പങ്കെടുക്കുന്നതിൽ ആശങ്കയില്ല. കോൺഗ്രസുമായുള്ള ബന്ധത്തിൽ യാതൊരു മാറ്റവുമില്ലെന്ന് അവർതന്നെ വ്യക്തമാക്കിയതാണ്.
ശരിഅത്ത് പരിഷ്കരിക്കണമെന്ന പാർട്ടി തീസിസിനെതിരെയാണ് എം.വി രാഘവന്റെ നേതൃത്വത്തില്‍ ബദല്‍രേഖ അവതരിപ്പിച്ചത്. സി.എം.പി ഉണ്ടായതുതന്നെ ആ ഒരു വിഷയത്തിന്റെ പേരിലാണ്. അന്ന് സി.എം.പി സ്വീകരിച്ച നിലപാടിനൊപ്പമാണ് ഇന്ന് സി.പി.എം നില്‍ക്കുന്നത്.
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ശരീഅത്ത് നിയമം പാടില്ലെന്നുമുള്ള വ്യക്തമായ നിലപാട് കേരളത്തിലെ സി.പി.എമ്മിനുണ്ട്. ആ നിലപാടില്‍നിന്ന് ഇപ്പോള്‍ പിന്നാക്കം പോയോയെന്നും ഇ.എം.എസിനെയും നായനാരെയും തള്ളിക്കളഞ്ഞോയെന്നും സി.പി.എം വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.