പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന ഇ.പി. ജയരാജന്റെ ആരോപണം മുഖ്യമന്ത്രിക്കെതിരെ -വി.ഡി. സതീശൻ
text_fieldsമലപ്പുറം: ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയുള്ള ഹൈകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് 29 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ ഗൂഡാലോചനയില്‍ കെ. സുധാകരന് പങ്കാളിയാണെന്ന് പറഞ്ഞ് സി.പി.എം പ്രതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജയരാജന് പറഞ്ഞതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയതെന്നും സതീശൻ പറഞ്ഞു.
1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ഇ.പി ജയരാജനെ കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സുധാകരനെ കുറ്റവിമുക്തനാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരന് 2016ൽ കൊടുത്ത ഹരജിയുടെ അടിസ്ഥാനത്തിലാണ് ഗൂഡാലോചനയില്‍ പങ്കില്ലെന്ന് കണ്ടത്തി ഹൈകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് അടിവരയിടുന്നതാണ് ഹൈകോടതി വിധി. മനപൂര്‍വമായാണ് കെ. സുധാകരനെയും എം.വി രാഘവനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെ രാഷ്ട്രീയ നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കാന്‍ സി.പി.എം നടത്തിയ ഗൂഡാലോചനയായിരുന്നു ഇതെന്ന് വ്യക്തമായിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള ജയരാജന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ വളരെ വ്യക്തമായ വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അത് നിലനില്‍ക്കുമെന്നു തന്നെയാണ് കരുതുന്നത് -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.