‘കാഫിറി’ലും ഹേമ കമ്മിറ്റി റിപ്പോർട്ടിലും സ്വന്തക്കാര്‍ക്ക് നിയമം ബാധകമല്ലെന്ന് സർക്കാർ നിലപാട് -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താത്തത് ഒരുപാട് പേരെ സര്‍ക്കാരിന് സംരക്ഷിക്കാനുള്ളതിനാലാണെന്നും ഇതേ നിലപാട് തന്നെയാണ് ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വന്തക്കാര്‍ക്ക് നിയമം ബാധകമല്ലെന്നാണ് സർക്കാർ നിലപാട്. മുകേഷ് രാജിവയ്ക്കില്ലെന്നും അതിന് സി.പി.എം സമ്മതിക്കുന്നില്ലെന്നുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. അതുകൊണ്ടാണ് സി.പി.എം ജനങ്ങള്‍ക്ക് മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. നിരന്തരമായി ഇത്തരം ആരോപണങ്ങള്‍ ഉയരുന്ന ഒരാള്‍ പൂര്‍ണ സംരക്ഷണം നല്‍കുന്നതിലൂടെ സി.പി.എം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? മതസ്പര്‍ദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നതിന് വേണ്ടി വടകരയില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയവരെയും സി.പി.എം സംരക്ഷിക്കുകയാണ്. സി.പി.എമ്മിലെ സമുന്നതരായ നേതാക്കള്‍ക്കും ഗൂഡാലോചനയില്‍ പങ്കുണ്ട്. എന്നിട്ടാണ് പ്രതിയെ അറിയില്ലെന്നു പറഞ്ഞ് പോലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയവരെയും പ്രചരിപ്പിച്ചവരെയും പൊലീസിന് അറിയാം. പക്ഷെ പൊലീസിന്റെ കയ്യും കാലും കെട്ടപ്പെട്ടിരിക്കുകയാണ്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ നിരപരാധിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിം പ്രതി ആയേനെ. കോടതി ഇടപെട്ടതു കൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കാനെങ്കിലും പൊലീസ് തയാറായത് -സതീശൻ പറഞ്ഞു.
ആരോപണ വിധേയനായ മുകേഷ് രാജിവയ്ക്കണമെന്നാണ് തുടക്കം മുതല്‍ക്കെ പ്രതിപക്ഷം നിലപാടെടുത്തത്. എന്നാല്‍ മുകേഷ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജി സംബന്ധിച്ച് മുകേഷും സി.പി.എമ്മുമാണ് നിലപാടെടുക്കേണ്ടത്. സി.പി.എമ്മാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. എത്രയോ വെളിപ്പെടുത്തലുകളാണ് മുകേഷിനെതിരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി നേരത്തെ മുകേഷിന്റെ സഹധര്‍മ്മിണിയുമായി നടത്തിയ ഇന്റര്‍വ്യൂവിലെ വിവരങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയല്ലേ സി.പി.എം. രാജിക്കാര്യത്തില്‍ സി.പി.എം തീരുമാനം എടുക്കട്ടെയെന്നാണ് പ്രതിപക്ഷം പറഞ്ഞത്. മുകേഷ് രാജി വയ്‌ക്കേണ്ടെന്ന് പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരം നടത്തുകയാണ്. മുകേഷ് രാജി വയ്ക്കണം. രാജിവയ്ക്കുന്നതാണ് ഉചിതമായ തീരുമാനം. രഞ്ജിത്തിന്റെ വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.
സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ മുകേഷ് ഇപ്പോഴും അംഗമാണ്. 2023 ജൂലൈയിലാണ് മുകേഷ് ഉള്‍പ്പെടെ പത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി നയരൂപീകരണ സമിതി രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് രണ്ട് മാസത്തിനകം ശിപാര്‍ശകള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അപ്പോള്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. റിപ്പോര്‍ട്ട് പുറത്തു കൊടുക്കാന്‍ പാടില്ലെന്ന് ഹേമ കമ്മിറ്റി തന്നെ ആവശ്യപ്പെട്ടു എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിരോധം. പക്ഷെ 2023 ജൂലൈയില്‍ രൂപീകരിച്ച സിനിമ നയരൂപീകരണ സമിതിയിലെ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമാണെന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ മുകേഷ് പ്രതിയായി നില്‍ക്കുകയാണ്. അപ്പോള്‍ സര്‍ക്കാര്‍ എന്തെല്ലാമാണ് ചെയ്തു കൊടുത്തതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
ആരോപണ വിധേയരായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പാര്‍ട്ടി അപ്പോള്‍ തന്നെ നടപടി എടുത്തിട്ടുണ്ട്. ആരോപണത്തിന് മറുവശമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു എല്‍ദേസ് കുന്നപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി വിധി. ഹൈക്കോടതിയും സമാനമായ വിധിയാണ് നല്‍കിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്തവരല്ലെ സി.പി.എമ്മുകാര്‍. മൂന്ന് പൊലീസ് സംഘങ്ങള്‍ തെളിവ് ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നതിന് വേണ്ടി കേസ് സി.ബി.ഐക്ക് വിട്ടവരല്ലേ. ഉമ്മന്‍ ചാണ്ടി മുന്‍കൂര്‍ ജാമ്യത്തിന് പോലും പോയില്ല. ഇപ്പോള്‍ മുകേഷിനെതിരെ ഒരാളല്ല നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി വരുന്നത്. ആരോപണം ഉയര്‍ന്ന മറ്റു രണ്ടു പേര്‍ രാജി വച്ചിട്ടും മുകേഷ് രാജിക്ക് തയാറാകുന്നില്ല.
ആരോപണ വിധേയനായ മുകേഷിന് സി.പി.എം കുടചൂടിക്കൊടുക്കുകയാണ്. ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു പോലും സി.പി.എം മുകേഷിനെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ ആധാരമാക്കി അന്വേഷണം നടത്തി കേസെടുക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പക്ഷെ സി.പി.എം അതില്‍ തൊടുന്നില്ല. ഒരുപാട് പേരെ സി.പി.എമ്മിന് സംരക്ഷിക്കാനുണ്ട്. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും നിയമസംവിധാനങ്ങളെ ലംഘിച്ചാണ് റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തി വച്ചത്. ഇപ്പോഴും അന്വേഷണത്തിന് തയാറല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള പ്രതികരണങ്ങളെയും ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കാനാണ് ഇപ്പോള്‍ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. അതിലാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നിട്ടും സി.പി.എം മുകേഷിനെ സി.പി.എം സംരക്ഷിക്കുന്ന ചിത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് ഒരു മറുപടിയും കിട്ടിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ തൊടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. വിവരാവകാശ കമ്മിഷണര്‍ ആവശ്യപ്പെടാത്ത പേജുകള്‍ പോലും സര്‍ക്കാര്‍ ഒഴിവാക്കി. ഇതൊക്കെ ആരെ രക്ഷിക്കാനായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ സിനിമ ലോകത്തെ സത്യസന്ധരായ ആളുകളെ കൂടി സര്‍ക്കാര്‍ സംശയനിഴലിലാക്കിയിരിക്കുകയാണ്. സിനിമ രംഗത്തെ ഈ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സിനിമയോട് ജനങ്ങള്‍ക്ക് അകല്‍ച്ച വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുത് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.