വൃക്ക വെച്ച പെട്ടി ഡി.വൈ.എഫ്ഐക്കാരനാണോ എടുത്തോണ്ട് ഓടേണ്ടത്? മനുഷ്യ ജീവന് ഒരുവിലയുമില്ലേ? -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മനുഷ്യ ജീവന് ഒരുവിലയും കൽപിക്കാത്ത രീതിയിലാണ് സംസ്ഥാന സർക്കാർ കാര്യങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കൊണ്ടുവന്ന വൃക്ക ഡി.വൈ.എഫ്.ഐക്കാരനാണ് എടുത്ത് ഓടിയതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവ മാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.
'വളരെ സൂക്ഷ്മതയോടെയാണ് ഈ അവയവം കൈകാര്യം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കൊണ്ടുവന്നപ്പോഴേക്കും അവയവം വെച്ച പെട്ടി ഡി.വൈ.എഫ്ഐക്കാരൻ എടുത്തോണ്ട് ഓടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഫോട്ടോ വരാൻ വേണ്ടിയുള്ള ഏർപ്പാടാണ്. മൂന്ന് വയസ്സുകാരിയെ ശസ്ത്രക്രിയക്ക് വേണ്ടി 36 മണിക്കൂർ പട്ടിണിക്കിട്ടതും ഇവിടെ നടന്നു. മൂന്നു മണിക്കൂർ കൊണ്ട് ആലുവയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ഓർഗൻ എടുത്തു വെക്കാൻ പോലും ആളില്ല. മനുഷ്യ അവയവമല്ലേ? സർജറി നടത്തി സൂക്ഷ്മതയോടെ കൊണ്ടുവന്നു. നേരത്തെ അറിയിച്ച കാര്യമല്ലേ? നെഫ്രോളജിയിെൽ ഡോക്ടർമാർ എവിടെയായിരുന്നു? കേരളത്തിലെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പ് ആണെന്ന് നേരത്തെ ചീഫ് സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. മനുഷ്യജീവന് ഒരുവിലയും കൽപിക്കുന്നില്ല' -സതീശൻ പറഞ്ഞു.
അതേസമയം, ഒരു ജീവനല്ലേയെന്ന് കരുതി കഴിവതും വേഗം എത്തിക്കാനാണ് ആംബുലൻസ് എത്തിയ ഉടൻ തങ്ങൾ വൃക്കയുമായി ഓടിയതെന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ആശുപത്രിയിലേക്ക് ഓടിയെത്തിയ അരുൺ ദേവ് പറഞ്ഞു. എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി പുറപ്പെട്ടസംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ യാത്ര അരുൺ ആയിരുന്നു ഏകോപിപ്പിച്ചത്. 'ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. ആ ജീവൻ കൊണ്ടുപോയി വേറൊരാൾക്ക് ഒരു ജീവൻ കിട്ടട്ടേ എന്നുകരുതി ആ ഒരു വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഇത്രയും കിലോമീറ്റർ ഓടി വരുന്നതല്ലേ.. ഒരു ജീവൻ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചത്. വേറെ ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും നമ്മൾ ഇതുപോലെ ചെയ്തിട്ടുണ്ട്. ഇതിൽ ചെറിയൊരു തെറ്റുപറ്റി...' -അരുൺ ദേവ് പറഞ്ഞു.
ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. 'ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ഡ്രൈവറും ഭക്ഷണം പോലം കഴിക്കാതെ ക്ഷീണിതരായിരുന്നു. ആംബുലൻസിൽ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോൾ സെക്യൂരിറ്റി ജീവനക്കാരനാണ് നമ്മുടെ മുന്നിൽ ഒാടി ലിഫ്റ്റ് തുറന്നത്. ഞായറാഴ്ച ആയതിനാൽ സ്റ്റാഫ് കുറവായിരുന്നു. ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. ചിലപ്പോൾ, മിഷൻ പ്രതീക്ഷിച്ചതിലും നേരത്തെ ആശുപത്രിയിൽ എത്തിയതിനാലാകാം വേണ്ടത്ര മുൻകരുതൽ ആശുപത്രി അധികൃതർ എടുക്കാതിരുന്നത്' -അരുൺ ദേവ് പറഞ്ഞു.
അതേസമയം, ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ വൃക്കയടങ്ങിയ പെട്ടി എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരുടെ ആക്ഷേപം. ഇക്കാര്യം ആരോഗ്യമന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.