എൻ.എസ്.എസ് സംഘ്പരിവാറിനെ അകത്ത് കയറ്റാത്ത സംഘടന, രമേശ് ചെന്നിത്തലയെ വിളിച്ചത് നല്ല കാര്യം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: നാക്ക് ശരിയല്ല എന്ന് പറഞ്ഞതിന് താൻ എന്തിനാണ് വെള്ളാപ്പള്ളി നടേശന്‍റെ മേക്കിട്ട് കയറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻ.എസ്.എസ് രമേശ് ചെന്നിത്തലയെ വിളിച്ചത് നല്ല കാര്യമല്ലേ എന്നും വി.ഡി. സതീശൻ ചോദിച്ചു.
വി.ഡി. സതീശന്‍റെ നാക്ക് ശരിയല്ല എന്ന് പറയുമ്പോഴേക്ക് ഞാൻ വെള്ളാപ്പള്ളിയുടെ മേക്കിട്ട് കേറുന്നത് എന്തിനാ? അദ്ദേഹം മുതിർന്ന, പ്രായമുള്ള ആളാണ്. ഞാനുമായി ജനറേഷൻ ഗ്യാപ്പുമുള്ള ആളാണ്. അദ്ദേഹം എന്‍റെ നാക്ക് ശരിയല്ല എന്ന് പറഞ്ഞാൽ ഞാൻ അത് പരിശോധിക്കണം. എന്നെ വിമർശിക്കാൻ പാടില്ല, ഞാൻ വിമർശനത്തിന് അതീതനാണ് എന്ന് പറയാൻ പാടില്ല. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ആളുകൾക്ക് വിമർശിക്കാൻ അധികാരമുള്ളത് പോലെ തന്നെ പ്രതിപക്ഷ നേതാവിനെയും വിമർശിക്കാം -വി.ഡി. സതീശൻ പറഞ്ഞു.
എൻ.എസ്.എസ് രമേശ് ചെന്നിത്തലയെ വിളിച്ചു, നല്ല കാര്യമല്ലേ? കോൺഗ്രസിന്‍റെ ഏത് നേതാവും യു.ഡി.എഫിന്‍റെ ഏത് നേതാവും ഏത് സമുദായ സംഘനടകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാലും അതിന്‍റെ ഗുണം കിട്ടുക കോൺഗ്രസിനാണ്. വിവിധ സംഘടന ആളുകൾ കോൺഗ്രസ് നേതാക്കളെ പരിപാടിക്ക് വിളിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ്.
ശബരിമല വിവാദത്തിന് ശേഷം സംഘ്പരിവാർ ശക്തികൾ എൻ.എസ്.എസിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം നടത്തി. അന്ന് അവരെ പുറത്തുനിർത്താൻ തീരുമാനമെടുത്ത ലീഡർഷിപ്പാണ് എൻ.എസ്.എസിലുള്ളത്. ഇന്ത്യയിലെ ഒരുപാട് ഹൈന്ദവ സംഘടനകളെ സംഘ്പരിവാർ വിഴുങ്ങിയപ്പോൾ, സംഘ് പരിവാറിനെ കയറ്റാതെ ധീരമായ തീരുമാനമെടുത്ത ലീഡർഷിപ്പാണ് എൻ.എസ്.എസിനുള്ളത്... -വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.