മുഖ്യമന്ത്രിയുടെ 'സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ' ഫലമാണ് കൊലപാതകങ്ങളെന്ന് വി.ഡി സതീശൻ
text_fieldsസോഷ്യൽ എഞ്ചിനീയറിങ് എന്ന ഒാമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണന നയത്തിന്റെ പരിണിത ഫലമാണ് ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ വർഗീയതയും കേരളത്തിൽ അഴിഞ്ഞാടുകയാണ്. ആരെയും ശക്തമായി എതിർക്കാനുള്ള ധൈര്യം സർക്കാറിനില്ല. ഭൂരിപക്ഷ വർഗീയവാദികളും ന്യൂനപക്ഷ വർഗീയ വാദികളും പൊലീസിൽ വരെ നുഴഞ്ഞുകയറിയിരിക്കുകയാണ്. കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനെന്ന് പറഞ്ഞാണ് രണ്ട് ലക്ഷം കോടി മുടക്കി സിൽവർലൈൻ കൊണ്ടുവരുന്നത്. പൊതുമേഖലാ സംവിധാനമായ കെ.എസ്.ആർ.ടി.സിയെ ദയാവധത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് പൊതുഗതാഗതം ശക്തിപ്പെടുത്തുന്നത്. കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം പോലും മുടങ്ങിയിരിക്കുകയാണ്. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളായ വൈദ്യുതി ബോർഡിലും വാട്ടർ അതോറിറ്റിയിലും എന്താണ് നടക്കുന്നത്. ബോർഡ് ചെയർമാനെ സി.ഐ.ടി.യു ഭീഷണിപ്പെടുത്തുകയാണ്. പ്രധാനപ്പെട്ട മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലും തോന്നിവാസമാണ് ഇപ്പോൾ നടക്കുന്നത്. ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ. മുഴുവൻ പാർട്ടിക്ക് വിട്ടുകൊടുത്ത് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയോ എന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യവകുപ്പിലെ കാര്യങ്ങളെ ചീഫ് സെക്രട്ടറി തന്നെ വിമർശിച്ചിട്ടുണ്ട്. ശമ്പളം കൊടുക്കാൻ പോലും പണമുണ്ടാകില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. എന്നാൽ, ചെലവുകൾക്ക് ഒരു കുറവുമില്ല. എല്ലാ വകുപ്പുകളിലും അരാജകത്വമാണ്. ഇതുപോലെ ഒരുകാലം കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. ഒന്നാം വാർഷികത്തിനുള്ള ആഘോഷം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.