മുഖ്യമന്ത്രിക്ക് പൊലീസും അധികാരവും കൈയിലുണ്ടെന്ന അഹങ്കാരം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വൈരനിര്യാതന ബുദ്ധിയോടു കൂടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് വരെ കേസെടുത്ത സർക്കാർ പക്ഷേ, പ്രവർത്തകരെ ബലം പ്രയോഗിച്ച് തള്ളി നിലത്തിട്ട ഇ.പി. ജയരാജനെതിരെ ഒരു കേസുപോലും എടുത്തില്ല. ഇത് ഇരട്ട നീതിയാണെന്നും സതീശൻ ആരോപിച്ചു.
വിമാനക്കമ്പനി തന്നെ ഉന്നതരെ വെച്ച് അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ ലെവൽ വൺ നിലയിലുള്ള കുറ്റമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്തതെന്നും അതിനേക്കാൾ ഗുരുതരമായ ലെവൽ ടു കുറ്റമാണ് ജയരാജൻ ചെയ്തത് എന്നുമാണ് പറയുന്നത്. അതുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഇ.പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കും നൽകി. എന്നിട്ടും ജയരാജനെതിരെ കേസെടുക്കാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണ് സർക്കാർ.
മുഖ്യമന്ത്രി ഇന്ന് ഇതുമായി ബന്ധപ്പെട്ട് സഭയിൽ പറഞ്ഞതെല്ലാം അവാസ്ഥവമാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജയരാജനും ആദ്യംതന്നെ പറഞ്ഞതാണ്. പിന്നീട് കേസെടുക്കുന്നതിന് വേണ്ടിയാണ് ഇല്ലാത്ത വാദങ്ങൾ കെട്ടിപ്പൊക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ 19 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോൾ എന്തോ തീവ്രവാദികളാണെന്ന് തോന്നും. അതെല്ലാം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിലുള്ള കേസുകളാണ്. അങ്ങനെ നോക്കുമ്പോൾ അപ്പുറത്തുള്ളവർക്കെതിരെ എത്രമാത്രം കേസുകൾ ഉണ്ടാകും. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ പറയേണ്ടത്.
യഥാർഥത്തിൽ സർക്കാർ ഇല്ലാത്തൊരു സംഭവം ഉണ്ടാക്കി മുഖ്യമന്ത്രിക്കെതിരെ വധശ്രമം എന്ന തെറ്റായ കാര്യത്തിലേക്ക് പോവുകയാണ്. അതിന്റെ പേരിലാണ് ശബരീനാഥിനെ അറസ്റ്റ് ചെയ്യുന്നത്. 10.35 ന് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി 10.50ന് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞപ്പോഴാണ് അറസ്റ്റ് ചെയ്തുപോയെന്ന് ഗവ. പ്ലീഡർ അറിയിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യുകയാണോ?. കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. പൊലീസും അധികാരവും കൈയിലുണ്ടെന്ന് കരുതി അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
റോഡിലെ കുഴികളെ കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കുഴികൾ മൂലം അപകടങ്ങൾ വർധിക്കുന്നുവെന്ന വിഷയം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ മന്ത്രി എങ്ങനെയാണ് മറുപടി പറഞ്ഞത്. എന്തൊരു ബഹളമുണ്ടാക്കി. ചോദിച്ച കാര്യത്തിന് മാത്രം മറുപടി നൽകിയില്ല. കഴിഞ്ഞ ജൂലൈയേക്കാളും കുറവാണ് ഈ ജൂലൈയിൽ കുഴികളെന്നാണ് മന്ത്രി പറഞ്ഞത്. ആരാണ് കുഴി എണ്ണി നോക്കിയത്. മന്ത്രി എണ്ണി നോക്കിയട്ടുണ്ടോ? സർക്കാറിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലായ്മയും മൂലമണ് ഈ വർഷത്തെ പ്രീ മൺസൂൺ വർക്ക് നടക്കാതിരുന്നതിന് കാരണമെന്നും സതീശൻ ആരോപിച്ചു.
വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശംഖുമുഖം അസി. കമീഷണർ മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി ശബരീനാഥനെ എ.ആർ ക്യാമ്പിലെത്തിച്ചു. ശബരീനാഥനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
അതേസമയം, തന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30ന് ആണെന്ന് കെ.എസ്. ശബരീനാഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് ഗൂഢാലോചന, വധശ്രമ കുറ്റങ്ങൾ ചുമത്തിയത്. ഇങ്ങനെ കേസെടുക്കാൻ തീവ്രവാദിയൊന്നും അല്ലല്ലോയെന്ന് ചോദിച്ച ശബരീനാഥൻ, മുഖ്യമന്ത്രി ഭീരുവാണെന്നതിന്‍റെ തെളിവാണ് അറസ്റ്റെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.